|
ഇന്ത്യന്‍ കമ്പനികള്‍ ഈ വര്‍ഷം 7.7 ശതമാനത്തോളം ശമ്പള വര്‍ധനവ് നല്‍കിയേക്കുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ബ്രിക് രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2020 ല്‍ ഇത് 6.1 % ആയിരുന്നു. രാജ്യാന്തര തൊഴില്‍ സേവന ദാതാക്കളായ Aon Plc നടത്തിയ സര്‍വ്വേ ഫലം ചൊവ്വാഴ്ചയാണ് പുറത്തു വിട്ടത്. സര്‍വേയില്‍ പങ്കെടുത്ത 88% കമ്പനികളും ശമ്പള വര്‍ധനവ് ഈ വര്‍ഷം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 75 % ആയിരുന്നു.
കമ്പനികളുടെ അനുകൂലമായ സാഹചര്യമാണ് പുതിയ സര്‍വേ ഫലത്തിനാധാരം. 20 വ്യാവസായിക മേഖലകളില്‍ നിന്നുള്ള 1200 ഓളം കമ്പനികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍, ശമ്പള വര്‍ധനവ് കമ്പനികളുടെ ശക്തമായ തിരിച്ചു വരവിനെ സൂചിപ്പിക്കുന്നു. വേതന വ്യവസ്ഥയിലെ പരിഷ്‌കരണം നല്ലൊരു മാറ്റം സൃഷ്ട്ടിക്കുമെന്നാണ് കണക്കാക്കുന്നത്. വരാനിരിക്കുന്ന മാറ്റങ്ങളില്‍ വേതന വര്‍ധനവിന് നല്ല സ്വാധീനമുണ്ടാകും. ദീര്‍ഘകാലം നിലനിന്ന അനിശ്ചിതത്വത്തിന് മേലെ ഒരു മാറ്റമുണ്ടാക്കാന്‍ ഇതിന് സാധിക്കും. Aon ന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നിതിന്‍ സേഥി പറഞ്ഞു.
പുതിയ തൊഴില്‍ നിയമങ്ങളുടെ കീഴില്‍ വേതന വ്യവസ്ഥയിലെ മാറ്റം തൊഴിലാളികളുടെ അനുകൂല്യങ്ങളിലും ആനുപാതികമായ വര്‍ധനവ് വരുത്തും. കമ്പനികളുടെ ബജറ്റിനെയും ഇത് സ്വാധീനിക്കും. തൊഴില്‍ നയങ്ങളുടെ യഥാര്‍ത്ഥ സാമ്പത്തികാഘാതം എന്താണെന്നറിഞ്ഞതിനു ശേഷം ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയോട് കൂടി കമ്പനികള്‍ തങ്ങളുടെ പ്രതിഫല- ബജറ്റ് പുനഃപരിശോധിക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. വേതന വര്‍ധനവ് ശമ്പളമായി പണം കയ്യില്‍ കൊടുക്കുന്നതിന് പകരം പ്രോവിഡന്റ് ഫണ്ടിലെ തൊഴില്‍ ദാതാവിന്റെ സംഭവനയിലൂടെയുമാകാമെന്ന് അദ്ദേഹം പറഞ്ഞു. |