|
കോവിഡ് 19 -നെതിരെ പോരാടുന്നതില്‍ ഇന്ത്യ മുന്‍പന്തിയിലാണെന്നും വാക്‌സിന്‍ നയത്തിന്റെ കാര്യത്തിലും ഇന്ത്യ ശരിക്കും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വേറിട്ട് നില്‍ക്കുന്നുവെന്നും അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യുടെ ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്.
''കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തില്‍ വാക്‌സിനുകള്‍ നിര്‍മ്മിച്ച് പല രാജ്യങ്ങളിലേക്കും കയറ്റി അയച്ചതിലൂടെ ഇന്ത്യ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിച്ചത്. കോവിഡ്‌വാക്‌സിന്‍ നയത്തിന്റെ കാര്യത്തില്‍ ഇന്ത്യ ശരിക്കും വേറിട്ട് നില്‍ക്കുന്നുവെന്നത് ഞാന്‍ എടുത്ത് പറയാന്‍ ആഗ്രഹിക്കുന്നു. ലോകത്തിലെ തന്നെ വാക്‌സിനുകളുടെ ഒരു നിര്‍മ്മാണ കേന്ദ്രം എവിടെയാണെന്ന് നോക്കുകയാണെനില്‍ അത് ഇന്ത്യയാണെന്ന് നമുക്ക് പറയാന്‍ സാധിക്കും'' ഗീത ഗോപിനാഥ് പറഞ്ഞു. കോവിഡ് വാക്‌സിന്‍ നിര്‍മ്മാണ കമ്പനി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെയും ഗീത ഗോപിനാഥ് പ്രത്യേകം പ്രശംസിച്ചിരുന്നു. ഒരു വര്‍ഷത്തില്‍ ഏറ്റവും അധികം കോവിഡ് വാക്‌സിനുകള്‍ ഉത്പാദിപ്പിക്കുന്നത് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആണെന്നും, അതുപോലെ കോവാക്‌സിന്‍ എത്തിക്കുന്നതും അത് ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യുന്ന വാക്‌സിന്‍ ജാബുകള്‍ നിര്‍മ്മിക്കുന്നതും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആണെന്നായിരുന്നു വാക്കുകള്‍.
''ഈ പകര്‍ച്ചവ്യാധിക്കെതിരെ പോരാടുന്നതില്‍ ഇന്ത്യ ഏറ്റവും മുമ്പില്‍തന്നെയാണ്. ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മാര്‍ ഉള്‍പ്പെടെയുള്ള നിരവധി അയല്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യ സഹായം നല്‍കുന്നു. വാക്‌സിനേഷന്‍ നയങ്ങളിലൂടെ ആഗോള ആരോഗ്യ പ്രതിസന്ധിയില്‍ ലോകത്തെ സഹായിക്കുന്നതില്‍ ഇന്ത്യ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്'' അവര്‍ പറഞ്ഞു. ലോകത്തെ കോവിഡ് 19 വാക്‌സിന്‍ ഹബ്ബായ ഇന്ത്യയെക്കുറിച്ചും ആഗോള സാമ്പത്തിക വീണ്ടെടുക്കലിന് സംഭാവന ചെയ്യുന്നതില്‍ രാജ്യത്തിന് വഹിക്കാവുന്ന പങ്കിനെക്കുറിച്ചും ഉള്ള ഒരു ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഗീതാ ഗോപിനാഥ്, വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
പര്‍ച്ചേസിംഗ് പവര്‍ പാരിറ്റി നിബന്ധനകളുടെ അടിസ്ഥാനമാക്കി ലോക ജിഡിപിയുടെ 7% ഇന്ത്യയാണെന്നും അവര്‍ പറഞ്ഞു.
അതേസമയം 2021 -ല്‍ ഇന്ത്യയ്ക്ക് 11.5 % വളര്‍ച്ചാ നിരക്ക് ഉണ്ടാകുമെന്നാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്. കോവിഡ് 19 പകര്‍ച്ച വ്യാധിക്കിടയിലും രാജ്യത്ത് രണ്ട് ഡിജിറ്റ് വളര്‍ച്ച രേഖപ്പെടുത്തിയ ലോകത്തിലെ ഏക പ്രധാന സമ്പദ്വ്യവസ്ഥ രാജ്യമായി ഇന്ത്യ മാറി. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഡോ.ഹന്‍സ മേത്ത പ്രഭാഷണത്തിലെ മുഖ്യ പ്രഭാഷണത്തിലാണ് ഗീത ഇക്കാര്യം വ്യക്തമാക്കിയത്. |