|
അഞ്ച് മാസത്തിനിടെ രണ്ട് അപകടങ്ങള്‍ക്ക് ഇടയായതിനെ തുടര്‍ന്നാണ് ബോയിങ് 737 മാക്‌സ് വിമാനങ്ങളുടെ സേവനം നിര്‍ത്തി വച്ചത്. വിമാനം സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള യു എസിലെയും യൂറോപ്പിലെയും അധികൃതരുടെ അനുമതി ലഭിച്ചതിനെത്തുടര്‍ന്ന്, കുറഞ്ഞത് 18 വിമാനക്കമ്പനികള്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.
2018 ഒക്ടോബറില്‍ ബോയിങ് 737ന്റെ ഏറ്റവും പുതിയ മോഡലുകളില്‍ ഒന്ന് ജക്കാര്‍ത്തയില്‍ നിന്നും പറന്നുയര്‍ന്ന് അധികം വൈകാതെ ജാവ കടലിലേക്ക് നിലം പതിച്ചു വീണു. പിന്നീട്, 2019 മാര്‍ച്ചില്‍ സമാനമായ മോഡലിലുള്ള മറ്റൊരു വിമാനം എത്യോപ്യയിലും അപകടത്തില്‍പ്പെട്ടു. ഈ രണ്ട് അപകടങ്ങളില്‍ നിന്നായി 346 ജീവനുകളാണ് നഷ്ടപ്പെട്ടത്. രണ്ടാമത്തെ അപകടത്തിന് ശേഷം ഈ അപകടങ്ങളുടെ കാരണം കണ്ടെത്താന്‍ അന്വേഷണം പ്രഖ്യാപിച്ചു കൊണ്ട് ഏവിയേഷന്‍ അധികൃതര്‍ വിമാന സര്‍വീസ് നിര്‍ത്തി വെയ്ക്കാന്‍ തീരുമാനിച്ചു.
അന്വേഷണത്തിന് ഒടുവില്‍ പുതിയ മോഡല്‍ വിമാനത്തിന്റെ ഡിസൈനില്‍ വന്ന പിഴവാണ് അപകട കാരണമെന്ന് കണ്ടെത്തി. സാങ്കേതിക പ്രശ്‌നങ്ങള്‍ മാത്രമായിരുന്നില്ല അപകടങ്ങള്‍ക്ക് കാരണമായത്. ബോയിങ് വിമാനക്കമ്പനിയും യു എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും (F A A) ചില നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയെന്നും ഈ അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തി. |