|
നീല വജ്രവുമായി ബന്ധപ്പെട്ട് ഒട്ടേറെ ശാപകഥകളും പ്രചാരത്തിലുണ്ട്. ഇന്ത്യയില്‍ മതപരമായി ആരാധിച്ചിരുന്ന രത്നമായിരുന്നു ഇതെന്നും ഇതു മോഷ്ടിക്കുന്നവര്‍ക്ക് ശാപം ലഭിക്കുമെന്നും ഒരു അഭ്യൂഹമുണ്ടായിരുന്നു. ഇന്ത്യയില്‍ നിന്നു വജ്രം നേടിയ ജീന്‍ ടവേണിയര്‍ ഇതു മോഷ്ടിക്കുകയായിരുന്നെന്നും തത്ഫലമായി അദ്ദേഹം ഗുരുതര രോഗം ബാധിച്ചു മരിച്ചെന്നുമാണ് ശാപത്തെക്കുറിച്ചുള്ള പ്രധാനകഥ. എന്നാല്‍ ഇതു തെറ്റാണെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ടവേണിയര്‍ തന്റെ 84 ാം വയസ്സിലാണ് സാധാരണരീതിയിലാണു മരിച്ചതെന്ന് ഇവര്‍ പറയുന്നു.
ടവേണിയറില്‍ നിന്ന് വജ്രം വാങ്ങിയ ലൂയി പതിനാലാമനും ശാപം ലഭിച്ചെന്നും ഇതുമൂലം അദ്ദേഹം പടുമരണത്തിനിരയായെന്നുമാണ് മറ്റൊരു കഥ. അദ്ദേഹത്തിന്റെ നിരവധി കുട്ടികള്‍ മരിക്കാനും ഇതു കാരണമായത്രേ.പിന്നീട് ലൂയി പതിനാറാമന്റെ കാലത്ത് അദ്ദേഹത്തിന്റെ ഭാര്യ മരിയ അന്റോയ്നെറ്റെ ഈ രത്നം ധരിച്ചിരുന്നു. ഇവര്‍ക്കും ശാപമുണ്ടായി. ഫ്രഞ്ച് വിപ്ലവകാലത്ത് ജനകീയ വിധിപ്രകാരം ഇവരെയും ഭര്‍ത്താവിനെയും തലവെട്ടിക്കൊന്നു.രത്നത്തിന്റെ ഏറ്റവും പ്രശസ്തയായ ഉടമയായ എവലിന്‍ മക്ലീനും ദുരനുഭവങ്ങളുണ്ടായി. മക്ലീന്റെ കുടുംബത്തില്‍ ഒട്ടേറെ മരണങ്ങള്‍ വജ്രം സ്വന്തമാക്കിയ ശേഷം നടന്നു. ഇതില്‍ മക്ലീന്റെ മകനും മകളും ഉള്‍പ്പെടും.ഈ ശാപകഥകളുടെ സത്യം ആര്‍ക്കുമറിയില്ല. എന്നാല്‍ പല ദുരൂഹതാ സിദ്ധാന്തങ്ങള്‍ പോലെ ഇവ പ്രചരിക്കുന്നു.
ഇന്ത്യയില്‍ നിന്ന് ഒട്ടേറെ ലോകപ്രശസ്ത രത്നങ്ങളും ആഭരണങ്ങളും ഉത്ഭവിച്ചിട്ടുണ്ട്. കോഹിനൂര്‍, ദരിയ നൂര്‍, ദ്രെസ്ഡെന്‍ ഗ്രീന്‍, മൂണ്‍ ഓഫ് ബറോഡ, ഫ്‌ലോറന്റീന്‍...പട്ടിക നീളുന്നു. ഇക്കൂട്ടത്തില്‍ കോഹിനൂര്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രശസ്തമായതും വിലപിടിപ്പുള്ളതുമായ രത്നമാണ് ഹോപ് വജ്രം അഥവാ നീലവജ്രം. നാനൂറുവര്‍ഷത്തിലധികം പഴക്കമുള്ള ഈ വജ്രം കുഴിച്ചെടുത്തത് ഇപ്പോഴത്തെ തെലങ്കാനയിലുള്ള ഗൊല്‍ക്കൊണ്ട ഖനിയിലാണ്. ലോകത്തെ തന്നെ മാറ്റിമറിച്ച ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രതീകങ്ങളിലൊന്നായി മാറിയ ഈ വജ്രം ഏറെക്കാലം കാണാതായത് രാജ്യാന്തര രത്നമേഖലയില്‍ വലിയ ദുരൂഹതയ്ക്കു വഴി വച്ചിരുന്നു.ഈ രത്നവുമായി ബന്ധപ്പെട്ട് ഒട്ടേറെ ശാപകഥകള്‍ പ്രചാരത്തിലുള്ളതും ദുരൂഹതയുടെ ഒരു തിളക്കം നീലവജ്രത്തിനു നല്‍കുന്നു.
ഫ്രഞ്ച് വ്യാപാരിയും സഞ്ചാരിയുമായ ജീന്‍ ടവേണിയറാണ് ഇന്ത്യയില്‍ നിന്ന് ഈ വജ്രം ഫ്രാന്‍സിലെത്തിച്ചത്. അന്ന് ത്രികോണാകൃതിയിലിരുന്ന വജ്രത്തിനു പറയത്തക്ക ഫിനിഷിങ് ഉണ്ടായിരുന്നില്ല. അക്കാലത്തെ ഫ്രഞ്ച് ചക്രവര്‍ത്തിയായ ലൂയി പതിനാറാമാന് 1668ല്‍ ടവേണിയര്‍ ഈ വജ്രം വിറ്റു. തുടര്‍ന്ന് ഫ്രഞ്ച് കൊട്ടാരത്തിന്റെ ആസ്ഥാന രത്നപ്പണിക്കാരനായ സിയോര്‍ പിറ്റോ ഈ വജ്രത്തിനെ ഭംഗിയായി മുറിച്ചു ഫിനിഷ് ചെയ്തു.
സാധാരണ വജ്രങ്ങള്‍ക്ക് നിറമില്ലായെങ്കില്‍ ഈ വജ്രത്തിനു നീലച്ഛവി കലര്‍ന്നിരുന്നു. ഇതു മൂലം രാജകുടുംബവും പിന്നീട് ജനങ്ങളും വജ്രത്തിനെ ഫ്രഞ്ച് ബ്ലൂ എന്നു വിളിച്ചു. സവിശേഷമായ സ്ഥാനമാണ് രാജാവിന്റെ ആഭരണങ്ങള്‍ക്കിടയില്‍ ഫ്രഞ്ച് ബ്ലൂവിനു ലഭിച്ചത്. രാജാവ് വിശേഷദിവസങ്ങളില്‍ കഴുത്തിലണിഞ്ഞിരുന്ന പ്രത്യേക ആഭരണത്തിലാണ് ഈ രത്നം പിടിപ്പിച്ചത്. ലൂയി പതിനാലാമനു ശേഷം ലൂയി പതിനഞ്ചാമനും തുടര്‍ന്ന് ലൂയി പതിനാറാമനും ഈ രത്നത്തിന്റെ കൈവശാവകാശം ലഭിച്ചു. ഇവിടെ ജീവിക്കണമെങ്കില്‍ ഒരു അവയവം നീക്കം ചെയ്യണം : വിചിത്ര നിയമങ്ങള്‍ ഏര്‍പ്പെടുത്തിയ ഒരു ഗ്രാമം ഫ്രഞ്ച് വിപ്ലവം
ലൂയി പതിനാറാമന്റെ കാലത്താണു ഫ്രാന്‍സില്‍ രാജാധികാരത്തിന് അന്ത്യം കുറിച്ച ഫ്രഞ്ച് വിപ്ലവം അരങ്ങേറിയത്. ഇതെത്തുടര്‍ന്ന് ലൂയി പതിനാറാമന്‍ അധികാരത്തില്‍ നിന്നു നിഷ്‌കാസിതനായിത്തീര്‍ന്നു. രാജകീയ സ്വത്തുക്കളുടെയെല്ലാം ഉടമസ്ഥാവകാശം സര്‍ക്കാരിനായി. രാജാവിന്റെ ആഭരണശേഖരത്തിലും മറ്റും വലിയ തോതില്‍ കൊള്ളയടിയും പിന്നീട് നടന്നു. ഇക്കൂട്ടത്തില്‍ ഫ്രഞ്ച് ബ്ലൂവും ഉള്‍പ്പെട്ടു. അങ്ങനെ ലോകമെമ്പാടും പ്രശസ്തി നേടിയ ആ വജ്രം, ഫ്രാന്‍സില്‍ നിന്ന് 1792 ല്‍ മോഷണം പോയി. തുടര്‍ന്ന് ഇരുപതു വര്‍ഷത്തോളം ഈ വജ്രം എവിടെയാണെന്ന് ഒരു വിവരവും ഇല്ലായിരുന്നു. 1812ല്‍ ഇതിനോട് സാമ്യമുള്ള ഒരു വജ്രം ഇംഗ്ലണ്ടിലുണ്ടെന്നും അവിടത്തെ രാജാവായ ജോര്‍ജ് നാലാമന്‍ ഇതു വാങ്ങിയെന്നും വാര്‍ത്ത വന്നു. 1830 ല്‍ തന്റെ കടങ്ങള്‍ തീര്‍ക്കാനായി ജോര്‍ജ് നാലാമന്‍ വജ്രം ആര്‍ക്കോ വിറ്റു.
പിന്നീട് ഈ വജ്രത്തെക്കുറിച്ച് ഒരു വിവരം വരുന്നത് 1839ലാണ്. ധനികനായ ഹെന്റി ഫിലിപ് ഹോപ്പിന്റെ കൈയില്‍ ഈ വജ്രം എത്തിയെന്നായിരുന്നു അത്. അതോടെ വജ്രം ഹോപ് ഡയമണ്ട് എന്ന പേരില്‍ നാമകരണം ചെയ്യപ്പെട്ടു. പിന്നീട് 60 വര്‍ഷങ്ങളോളം വജ്രം ഹോപ് കുടുംബത്തിന്റെ കൈവശമിരുന്നു. പിന്നീടവര്‍ അതു വിറ്റു. വാങ്ങിയവര്‍ വീണ്ടും വിറ്റു. ഒടുവില്‍ സെലിം ഹബീബ് എന്ന വ്യക്തിയുടെ കൈവശം വജ്രമെത്തി. ഹബീബ് അതു ലേലത്തില്‍ വയ്ക്കുകയും പിയറി കാര്‍ട്ടിയര്‍ അതു സ്വന്തമാക്കുകയും ചെയ്തു.
പിന്നീട് കാര്‍ട്ടിയര്‍ ഈ വജ്രം യുഎസിലെ അതിസമ്പന്നയായ എവലിന്‍ മക്ലീനു വിറ്റു. രത്നങ്ങളോട് വലിയ താല്‍പര്യമുണ്ടായിരുന്ന മക്ലീന്‍ തന്റെ നെക്ലേസില്‍ ലോക്കറ്റായി ഇതു ഘടിപ്പിച്ചു. 1947ല്‍ മക്ലീന്‍ മരണമടഞ്ഞ ശേഷം ഹാരി വിന്‍സ്റ്റണ്‍ കമ്പനി ഇതു സ്വന്തമാക്കി. ഇവര്‍ 1958ല്‍ വജ്രം സ്മിത്ത്സോണിയന്‍ സൊസൈറ്റിക്ക് സ്വന്തമായി നല്‍കി. ഇന്ന് 45.52 കാരറ്റാണ് ഹോപ് ഡയമണ്ടിന്റെ ഭാരം. ഒട്ടേറെ ഗവേഷകര്‍ ഇതില്‍ പഠനം നടത്തിയിട്ടുണ്ട്. ബോറോണ്‍ മൂലകത്തിന്റെ സാന്നിധ്യമാണ് വജ്രത്തിനു നീല നിറം നല്‍കുന്നതെന്നു ഗവേഷകര്‍ പിന്നീട് കണ്ടെത്തി. ഇന്ത്യയിലെ തെലങ്കാനയിലെ ഭൂമിയില്‍ ഉയര്‍ന്ന ഈ വജ്രം ഇന്നു സ്മിത്ത്സോണിയന്‍ സൊസൈറ്റിയുടെ കൈവശമാണ്. |