|
സ്വര്‍ണത്തിന് ഇപ്പോള്‍ കുതിച്ചുയര്‍ന്ന വില യഥാര്‍ത്ഥത്തില്‍ സ്വര്‍ണത്തിന്റെ വില വര്‍ധനയല്ല എന്നതാണ് സത്യം. കാരണം രാജ്യാന്തര തലത്തില്‍ സ്വര്‍ണത്തിനു കഴിഞ്ഞ 40 വര്‍ഷം കൊണ്ട് ഉണ്ടായ വര്‍ധന 3-4 ഇരട്ടി മാത്രം. 1981 ഒരു ഔണ്‍സിനു 490 ഡോളര്‍ ആയിരുന്നു എങ്കില്‍ ഇപ്പോള്‍ അത് 1778 ഡോളര്‍ മാത്രം. 2020 ല്‍ കൊറോണ പ്രതിസന്ധിയെ തുടര്‍ന്നു 2000 ഡോളര്‍ മറികടന്നു. 3000 ഡോളറിലേയ്ക്ക് കുതിച്ചെത്തുമെന്ന് പ്രവചനങ്ങളുണ്ടായി, പക്ഷേ 2100 ഡോളര്‍ നിലവാരം പോലും സ്പര്‍ശിക്കാതെ പിന്‍വാങ്ങുകയും ചെയ്തു.
അതിനു ഉത്തരം ഒന്നു മാത്രം. അമേരിക്കന്‍ ഡോളറിനെതിരെ നമ്മുടെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ്. നാല്‍പതു വര്‍ഷം മുമ്പ് ഒരു ഡോളര്‍ കിട്ടാന്‍ ഏഴു ഇന്ത്യന്‍ രൂപ കൊടുത്താല്‍ മതിയായിരുന്നു. പക്ഷേ ഇപ്പോള്‍ 70 രൂപ കൊടുത്താല്‍ ഒരു ഡോളര്‍ കിട്ടില്ല എന്നതാണ് അവസ്ഥ. അതായത് രൂപയ്ക്കെതിരെ ഡോളറിന്റെ മൂല്യം പത്തിരട്ടിയോളം വര്‍ധിച്ചു. അതും സ്വര്‍ണത്തിന്റെ 3-4 ഇരട്ടി വര്‍ധനയും കൂടിയായപ്പോള്‍ മൊത്തം 40-45 ഇരട്ടി വര്‍ധന സ്വര്‍ണവിലയില്‍ ഉണ്ടായി.
ഡോളറും രൂപയുമായുള്ള വിനിമയനിരക്കും സ്വര്‍ണവിലയുമായി എങ്ങനെ ബന്ധപ്പെടുന്നു എന്നു കൂടി നോക്കാം. ലോകത്തു തന്നെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണെങ്കിലും നമുക്ക് ഇവിടെ സ്വര്‍ണ ഉല്‍പ്പാദനം പേരിനു മാത്രം. അതുകൊണ്ടു തന്നെ ഇറക്കുമതിയെ വന്‍തോതില്‍ ആശ്രയിച്ചേ പറ്റൂ. സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ വില ഡോളറില്‍ തന്നെ കൊടുക്കണം.
കൊറോണ രണ്ടാം തരംഗത്തില്‍ ഇന്ത്യയൊന്നാകെ ആടിയുലയുമ്പോള്‍ സ്വര്‍ണവിലയില്‍ പവനു 42000 എന്ന റെക്കോര്‍ഡ് തകര്‍ക്കുമോ എന്ന ചോദ്യമാണ് പലരുടേയും മനസില്‍ ഇപ്പോള്‍.
മൂന്നു നാലു പതിറ്റാണ്ടായി ഏറ്റവും സുരക്ഷിതമായി ഏറ്റവും മികച്ച നേട്ടം നല്‍കുന്ന നിക്ഷേപം ഏതെന്നു ചോദിച്ചാല്‍ മലയാളി ഉറപ്പിച്ചു പറയും അതു സ്വര്‍ണം മാത്രമാണ് എന്ന്. കാരണം കഴിഞ്ഞ 40 വര്‍ഷം കൊണ്ട് 40-45 ഇരട്ടി വര്‍ധയാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. 80 കളുടെ തുടക്കത്തില്‍ 900 രൂപയ്ക്ക് അടുത്തായിരുന്നു ഒരു പവനെങ്കില്‍ 2020 ല്‍ അതു 42000 മറികടന്നു. ഇപ്പോള്‍ അതു അല്‍പം ഇടിഞ്ഞ് 36000 രൂപ നിലവാരത്തിലാണ്. |