|
ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ഫ്‌ലിപ്കാര്‍ട്ടിന്റെ വിദേശ നിക്ഷപ, നികുതി നിയമങ്ങളുടെ നഗ്‌നമായ ലംഘനത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് അഖിലേന്ത്യ വ്യാപാരി സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (CAIT) വ്യാഴാഴ്ച സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ലിപ്കാര്‍ട്ട് സാധനങ്ങള്‍ക്കും ചില്ലറ വില്‍പ്പനയിലെ വിലകള്‍ക്കും പരോക്ഷമായി നിയന്ത്രണവും അധികാരവും ഏര്‍പ്പെടുത്തുന്നതായും സംഘടന ആരോപിച്ചു.
ഫ്‌ലിപ്കാര്‍ട്ട് അതിന്റെ വിപണന രീതിയില്‍ മാറ്റം വരുത്തുകയും വില്‍പന വസ്തുക്കളുടെയും അതിന്റെ ചില്ലറ വിലയുടെയും കാര്യത്തില്‍ നിയന്ത്രണം ചെലുത്തുന്നതിന് തക്കമായ ഒരു മുഖച്ഛായ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതുവഴി ഫ്‌ലിപ്കാര്‍ട്ട് ഓണ്‍ലൈന്‍ വ്യാപാരവുമായി ബന്ധപ്പെട്ട എഫ് ഡി ഐ നയം വ്യക്തമായി ലംഘിച്ചിരിക്കുന്നുവെന്നാണ് അഖിലേന്ത്യാ വ്യാപാരി സംഘടന വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലിന് അയച്ച കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ആദായ നികുതി വകുപ്പ് അധികൃതര്‍ ഉള്‍പ്പെടെ ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് അടിയന്തര അന്വേഷണവും കര്‍ശന നടപടിയും ഇതിനെതിരെ ഉണ്ടാകണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (CAIT) കൂട്ടിച്ചേര്‍ത്തു.
ഒരു വ്യാപരസ്ഥാപനമെന്ന രീതിയില്‍ ലക്ഷക്കണക്കിന് പ്രാദേശിക വില്‍പ്പനക്കാര്‍ക്കും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും (MSME) 30 കോടിയിലധികം വരുന്ന ഉപഭോക്താക്കള്‍ക്കും ഇടയില്‍ സുതാര്യവും കാര്യക്ഷമവുമായ രീതിയില്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള സാങ്കേതികവിദ്യയും നൂതന മാര്‍ഗങ്ങളും ഉപയോഗിക്കുന്നതാണ് ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ലക്ഷ്യമെന്ന് ഫ്‌ലിപ്കാര്‍ട്ടിന്റെ വക്താവ് വ്യാപാരസംഘടനയുടെ ആരോപണത്തിന് മറുപടിയായി പറഞ്ഞു.
ഞങ്ങള്‍ സുതാര്യതയോടെയും ഇന്ത്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപ മാനദണ്ഡങ്ങള്‍ക്കും അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത്. ഒപ്പം പുതിയ ഉപജീവന മാര്‍ഗങ്ങളും ജോലികളും സൃഷ്ടിക്കുകയും ചെയ്യുന്നു. ഫ്‌ലിപ്കാര്‍ട്ടില്‍ ഏകദേശം മൂന്ന് ലക്ഷത്തിലധികമുള്ള വില്‍പ്പന പങ്കാളികള്‍ തങ്ങളുടെ അവിഭാജ്യ ഘടകമാണെന്നും വക്താവ് പറഞ്ഞു.
ഫ്‌ലിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരി വാങ്ങുന്നതിനായി 2018ല്‍ അമേരിക്കാന്‍ ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനമായ വാള്‍മാര്‍ട്ട് 16 ബില്യണ്‍ യു എസ് ഡോളര്‍ നിക്ഷേപിച്ചിരുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപ നയം മറികടക്കുക, ഈ നയം പരിരക്ഷിക്കാന്‍ ലക്ഷ്യമിടുന്ന വ്യാപാരികളെ നശിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഫ്‌ലിപ്കാര്‍ട്ട് അതിന്റെ താല്‍ക്കാലികമായ വ്യാപാര പങ്കാളികളുടെ ഒരു സംവിധാനം സൃഷ്ടിച്ചിരിക്കുന്നതെന്നും സംഘടന ആരോപിച്ചു. |