|
പുതിയ ഐടി നിയമ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിനെ ചൊല്ലിയുള്ള നിയമപോരാട്ടത്തില്‍ വാട്ട്സ്ആപ്പിന് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍. പൗരന്മാരുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും എന്നാല്‍ അത് ചില നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നും കേന്ദ്രം വിശദീകരിച്ചു.
രാജ്യത്തെ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടത് ഇന്ത്യന്‍ സര്‍ക്കാരിന്റെ കടമയാണ്. അതേസമയം രാജ്യത്തെ നിയമവ്യവസ്ഥകള്‍ പാലിച്ച് ദേശീയ സുരക്ഷ ഉറപ്പാക്കാനും സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്ന് കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.
പുതിയ ഐടി നിയമം നിലവില്‍ വന്നതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളോട് റിപ്പോര്‍ട്ട് തേടി കേന്ദ്രസര്‍ക്കാര്‍. ഉത്തരവ് അനുസരിച്ചുള്ള ഉദ്യോഗസ്ഥരെ നിയമിച്ചോയെന്നത് സംബന്ധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിയമം ഉപയോക്താക്കളുടെ സ്വകാര്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വാട്‌സാപ്പ് ദില്ലി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്
2021 ഐടി നിയമം അനുസരിച്ച് സാമൂഹിക മാധ്യമങ്ങളിലെ പരാതി പരിഹരിക്കാന്‍ കമ്പനികള്‍ മൂന്ന് ഉദ്യോഗസ്ഥരെ നിയമിക്കേണ്ടതുണ്ട്. നിയമനത്തിന് നല്‍കിയ അവസാന ദിവസവും പൂര്‍ത്തിയായ സാഹചര്യത്തില്‍ കമ്പനികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി കടുപ്പിക്കുകയാണ്. നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങളും കമ്പനികളുടെ മേല്‍വിലാസവും ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സര്‍ക്കാര്‍ ഒടുവില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ട്വിറ്റര്‍ ഫേസ്ബുക്ക് വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖ സാമൂഹിക മാധ്യമ കമ്പനികളൊന്നും ഇതുവരെയും നിയമനം നടത്തിയിട്ടില്ല. സന്ദേശങ്ങളുടെ ഉറവിടം സര്‍ക്കാരിന് വെളിപ്പെടുത്തണമെന്ന പുതിയ നിയമത്തിലെ നിബന്ധനക്കെതിരെ വാട്‌സ്ആപ്പ് ദില്ലി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്തുന്നത് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കപ്പെടുന്നതാണ്. സ്വകാര്യ ഉറപ്പുവരുത്തുന്ന വാട്‌സ്ആപ്പിന്റെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷ തന്നെ പുതിയ നിയമം നടപ്പാക്കുമ്പോള്‍ ചോദ്യം ചെയ്യപ്പെടും. ഈ ആശങ്കകളാണ് ഹര്‍ജിയില്‍ വാട്‌സ്ആപ്പ് ഉയര്‍ത്തുന്നത്. ഒപ്പം സര്‍ക്കാര്‍ നിരീക്ഷണം ഭരണഘടന വിരുദ്ധമാണെന്നും 2017 ലെ ജസ്റ്റിസ് കെ എസ് പുട്ടസ്വാമി യും ഇന്ത്യന്‍ സര്‍ക്കാരും തമ്മിലുള്ള കേസ് പരാമര്‍ശിച്ച് വാട്‌സ്ആപ്പ് പറയുന്നു. എന്നാല്‍ വാട്‌സ്ആപ്പിന്റെ ഈ വാദങ്ങളെല്ലാം തള്ളിയ കേന്ദ്രസര്‍ക്കാര്‍ സ്വാകാര്യത കാത്ത് സൂക്ഷിക്കാനുള്ള അവകാശത്തെ ബഹുമാനിക്കുന്നതായി വ്യക്തമാക്കി. സര്‍ക്കാര്‍ നിര്‍ദേശിച്ച് മാനദണ്ഡങ്ങളൊന്നും വാട്‌സ്ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതല്ല. എന്നാല്‍ ക്രമസമാധാന പാലനം സര്‍ക്കാര്‍ ഉത്തരവാദിത്വമാണെന്നും ദേശ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. |