Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
 
 
ബിസിനസ്‌
  Add your Comment comment
ഇന്ത്യയിലെ നിയമം അംഗീകരിക്കാന്‍ തയാറാവണം: ട്വിറ്ററിനോട് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം
Reporter
സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കത്തില്‍ ട്വിറ്ററിന്റെ പ്രതികരണത്തിനെതിരേ കേന്ദ്രം. ട്വിറ്റര്‍ രാജ്യത്തെ നിയമം അനുസരിക്കാന്‍ തയ്യാറാകണമെന്നും നിയമം എന്തായിരിക്കണമെന്ന് നിര്‍ദേശിക്കേണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. അഭിപ്രായസ്വാതന്ത്ര്യത്തിന് തടസ്സമാകുന്ന നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തണമെന്ന് ട്വിറ്റര്‍ പ്രതികരിച്ചിരുന്നു.

വിഷയത്തില്‍ ട്വിറ്റര്‍ ഉരുണ്ടുകളിക്കുന്നത് നിര്‍ത്തി രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കാന്‍ തയ്യാറാകണം. നിയമനിര്‍മാണവും നയരൂപവത്കരണവും രാജ്യത്തിന്റെ സവിശേഷാധികാരമാണ്. ഒരു സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോം മാത്രമായ ട്വിറ്ററിന് ഇന്ത്യയുടെ നിയമ ഘടന എന്തായിരിക്കണമെന്ന് നിര്‍ദേശിക്കാനാവില്ല. ട്വിറ്ററിന്റെ പ്രസ്താവന അടിസ്ഥാനരഹിതവും ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുമുള്ളതാണെന്നും കേന്ദ്ര ഇലക്ട്രോണിക്-ഐടി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്നത് ലാഭം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന വിദേശ സ്വകാര്യ കമ്പനിയായ ട്വിറ്ററിന്റെ സവിശേഷാധികാരമല്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന്റേതായ മഹത്തായ ജനാധിപത്യ പാരമ്പര്യം ഇന്ത്യയ്ക്കുണ്ട്. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യവും അവരുടെ സ്വകാര്യതയും സര്‍ക്കാര്‍ വിലമതിക്കുന്നു. എന്നാല്‍ ട്വിറ്ററിന്റെ സുതാര്യമല്ലാത്ത നയങ്ങളാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സം. അതിന്റെ ഫലമായി ഏകപക്ഷീയമായി ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ നീക്കംചെയ്യപ്പെടുകയും ട്വീറ്റുകള്‍ ഡീലീറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു, പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയില്‍ സ്ഥിരീകരിച്ച കൊറോണ വൈറസ് വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്ന് വിശേഷിപ്പിക്കുന്ന ട്വീറ്റുകളും വാക്സിനെതിരായ പ്രചാരണം നടത്തുന്ന പോസ്റ്റുകളും നീക്കംചെയ്യാന്‍ ട്വിറ്റര്‍ തയ്യാറായിട്ടില്ലെന്നും പ്രസ്താവനയില്‍ സര്‍ക്കാര്‍ ആരോപിക്കുന്നു. ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമ കമ്പനികളുടെ പ്രതിനിധികള്‍ക്ക് ഒരുവിധത്തിലുള്ള ഭീഷണികളും ഉണ്ടാകില്ലെന്നും അവര്‍ സുരക്ഷിതരായിരിക്കുമെന്ന് ഉറപ്പു നല്‍കുന്നെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window