|
ലോക്ഡൗണും വില്‍പനയിലെ ഇടിവും കാരണം ഇന്ത്യന്‍ കോഫി ഹൗസുകള്‍ പ്രതിസന്ധിയില്‍. തൃശൂര്‍ ആസ്ഥാനമായ കോഫി ഹൗസ് സൊസൈറ്റിയില്‍ 2 മാസത്തെ ശമ്പളം കുടിശികയായി. പിഎഫ്, ജിഎസ്ടി, ഗ്രാറ്റുവിറ്റി ബാധ്യതകള്‍ 12 കോടി കവിഞ്ഞു. ദീര്‍ഘകാല വായ്പ നല്‍കണമെന്ന് സൊസൈറ്റി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രതിസന്ധിക്കു പരിഹാരമായി വരുമാനം വര്‍ധിപ്പിക്കാന്‍ എല്ലാ കോഫി ഹൗസുകള്‍ക്കും വേണ്ടി കേന്ദ്രീകൃത പര്‍ച്ചേസും അതിനൊപ്പം പരീക്ഷണാര്‍ഥം സൂപ്പര്‍മാര്‍ക്കറ്റും നടത്താനൊരുങ്ങുകയാണ്.
സംസ്ഥാനത്ത് 55 കോഫിഹൗസുകളുള്ള തൃശൂര്‍ ആസ്ഥാനമായ സൊസൈറ്റിയും 31 ബ്രാഞ്ചുകളുള്ള കണ്ണൂര്‍ ആസ്ഥാനമായ സൊസൈറ്റിയുമാണുള്ളത്. തൃശൂര്‍ സൊസൈറ്റിയാണ് ജീവനക്കാരുടെ എണ്ണത്തിലും വ്യാപാരത്തിലും മുന്നില്‍. 2300 ജീവനക്കാരുള്ള ഈ സൊസൈറ്റിയില്‍ വാര്‍ഷിക വ്യാപാരം 126 കോടി രൂപ വരെ 2017ല്‍ എത്തിയിരുന്നു. മാസം 9.5-10 കോടി. പ്രളയകാലത്ത് ഇടിഞ്ഞ വ്യാപാരം പിന്നീട് 19-20ല്‍ 118 കോടി വരെ എത്തി.
പക്ഷേ 2020-21ല്‍ ലോക്ഡൗണും പൊതുഗതാഗതത്തിലെ കുറവും മൂലം 60 കോടിയുടെ ഇടിവുണ്ടായി. മാര്‍ച്ചിലെ വരുമാനം 8.3 കോടി വരെ എത്തി തിരിച്ചുവരവിനൊരുങ്ങുമ്പോഴാണ് വീണ്ടും ലോക്ഡൗണ്‍ വന്നത്. ഏപ്രിലിലെയും മേയിലെയും ശമ്പളം മുടങ്ങി. അതിനുമുന്‍പ് ശമ്പളം 50% വരെ കുറയ്‌ക്കേണ്ടി വന്ന മാസങ്ങളുണ്ട്. കണ്ണൂര്‍ സൊസൈറ്റിയിലാകട്ടെ ഇതുവരെ ശമ്പളം മുടങ്ങിയിട്ടില്ല. എന്നാല്‍ 50% വരെ കുറവു വരുത്തിയ മാസങ്ങളുണ്ട്. വില്‍പന പാതിയില്‍ താഴെയായി. 78 കോടി വരെ ഇവിടെ മുന്‍ വര്‍ഷങ്ങളില്‍ വരുമാനം നേടിയിട്ടുണ്ട്. കോവിഡ് കാലത്തെ നഷ്ടം എത്രയെന്ന് ഓഡിറ്റ് നടത്തിക്കൊണ്ടിരിക്കുകയാണ്. |