|
അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്റെ കൈകളിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ്. തലസ്ഥാനമായ കാബൂളും പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും താലിബാന്റെ അധികാരപരിധിയിലായി. 2016ല്‍ ഫോബ്സ് പുറത്തിറക്കിയ പട്ടികയില്‍ ഏറ്റവും കൂടുതല്‍ സമ്പത്തുള്ള ആറാമത്തെ തീവ്രവാദ സംഘടനയായിരുന്നു താലിബാന്‍. പ്രതിവര്‍ഷം 400 മില്ല്യണ്‍ ഡോളര്‍ ആണ് താലിബാന്റെ വരുമാനം. നാറ്റോയുടെ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 2019-20 വര്‍ഷത്തില്‍ 1.6 ബില്ല്യണ്‍ ഡോളറാണ് താലിബാന്റെ പ്രതിവര്‍ഷ വരുമാനം. അതായത് നാല് വര്‍ഷത്തിനുള്ളില്‍ താലിബാന്‍ 400 ശതമാനത്തിലേറെ സാമ്പത്തിക വളര്‍ച്ച ഉണ്ടാക്കിയെന്ന് ചുരുക്കം.
ലോകത്തെ തന്നെ ഏറ്റവും വലിയ കറുപ്പ് (ഓപ്പിയം) നിര്‍മാതാക്കളാണ് അഫ്ഗാനിസ്ഥാന്‍. പ്രതിവര്‍ഷം 1.5-3 ബില്ല്യണ്‍ ഡോളര്‍ ഓപിയം കയറ്റുമതിയാണ് അഫ്ഗാനില്‍ നടക്കുന്നത്. രാജ്യത്ത് ഓപിയം ഉത്പാദനം നടക്കുന്ന മുക്കാല്‍ ഭാഗം പ്രദേശങ്ങളും താലിബാന്റെ നിയന്ത്രണത്തിലാണ്. ഉത്പാദന വിതരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ താലിബാന്‍ ഏര്‍പ്പെടുത്തിയ നികുതി ഇവരുടെ വരുമാനത്തിന്റെ പ്രധാനമാര്‍ഗമാണ്. ഹെറോയിന്‍ ആക്കി മാറ്റുന്ന ലാബുകളില്‍ നിന്ന് വന്‍തോതില്‍ നികുതിയാണ് താലിബാന്‍ ഈടാക്കുന്നത്. പുറമേ കര്‍ഷകരില്‍ നിന്നും കച്ചവടക്കാരില്‍ നിന്നും പത്ത് ശതമാനത്തോളം നികുതി ഈടാക്കും.
ഏകദേശം 75,000 അംഗങ്ങളാണ് താലിബാന്‍ എന്ന സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. എല്ലാ സൗകര്യങ്ങളോടും കൂടി പ്രവര്‍ത്തിക്കാന്‍ മാത്രമുള്ള സമ്പത്തും താലിബാനുണ്ട്. ഭീകരസംഘടനയായ താലിബാന് എങ്ങനെയാണ് പണം ലഭിക്കുന്നത്? താലിബാന്‍ പണം സമാഹരിക്കുന്ന വഴികള്‍ എന്തൊക്കെയാണ്?
മയക്കുമരുന്ന് കച്ചവടം, കള്ളക്കടത്ത് എന്നിവയ്ക്ക് പുറമേ വിദേശ സ്രോതസുകളില്‍ നിന്നുള്ള നിക്ഷേപവുമാണ് താലിബാന്റെ വരുമാനമാര്‍ഗമെന്ന് ഫോബ്‌സ് റിപ്പോര്‍ട്ട് പറയുന്നു. റേഡിയോ ലിബര്‍ട്ടി, റേഡിയോ ഫ്രീ യൂറോപ്പ് എന്നിവര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ഖനനം, നികുതി, കയറ്റുമതി, റിയല്‍ എസ്റ്റേറ്റ് വ്യാപാരം എന്നിവയും താലിബാന്റെ വരുമാന മാര്‍ഗങ്ങളാണ്.
ഖനനം- 464 മില്ല്യണ്‍ ഡോളര്‍, മയക്കുമരുന്ന്- 416 മില്ല്യണ്‍ ഡോളര്‍, വിദേശസഹായം- 240 മില്ല്യണ്‍ ഡോളര്‍, കയറ്റുമതി- 240 മില്ല്യണ്‍ ഡോളര്‍, നികുതി- 160 മില്ല്യണ്‍ ഡോളര്‍, റിയല്‍ എസ്റ്റേറ്റ്- 80 മില്ല്യണ്‍ ഡോളര്‍ എന്നിങ്ങനെയാണ് ഫോബ്സ് റിപ്പോര്‍ട്ടില്‍ താലിബാന്റെ വരുമാനത്തെക്കുറിച്ച് പറയുന്നത്. |