|
മോട്ടോര്‍ വാഹന നിയമത്തില്‍ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വരുത്തിയ ഭേദഗതികള്‍ അനുസരിച്ച്, ഡ്രൈവിംഗ് ലൈസന്‍സ് (ഡിഎല്‍) ഇല്ലാതെ വാഹനമോടിക്കുന്ന ഒരാള്‍ക്ക് 5000 രൂപയാണ് പിഴ. അതുകൊണ്ട് തന്നെ ഡ്രൈവിംഗ് ലൈസന്‍സ് കൈവശം വയ്ക്കുന്നത് ഇപ്പോള്‍ നിര്‍ബന്ധമാണ്.
എന്നാല്‍ ചിലപ്പോഴെങ്കിലും ലൈസന്‍സ് കൈവശമില്ലാതെ വാഹനം ഓടിയ്‌ക്കേണ്ടി വന്നേക്കാം. എന്നാല്‍ ഇനി ഡ്രൈവിംഗ് ലൈസന്‍സ് കൈവശമില്ലെങ്കിലും ടെന്‍ഷന്‍ അടിയ്‌ക്കേണ്ട ആവശ്യമില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ ഡ്രൈവിംഗ് ലൈസന്‍സ് സൂക്ഷിക്കാവുന്നതാണ്. ഫോണ്‍ കൈയിലെടുക്കാന്‍ മറക്കാതിരുന്നാല്‍ മാത്രം മതി.
ഈയിടെ, ഡല്‍ഹിയിലെ ഗതാഗത വകുപ്പ് 1988 ലെ മോട്ടോര്‍ വാഹന നിയമ പ്രകാരം ഡ്രൈവിംഗ് ലൈസന്‍സിന്റെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ക്ക് പച്ചക്കൊടി കാണിച്ചു. ഡ്രൈവിംഗ് ലൈസന്‍സിന്റെ ഡിജിറ്റല്‍ കോപ്പി കൈവശം വയ്ക്കാന്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ചില ആപ്പുകള്‍ ഇതാ.
ഡിജിലോക്കര്‍
പേര് സൂചിപ്പിക്കുന്നത് പോലെ, ഡിജിലോക്കര്‍ നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പെടെ നിങ്ങളുടെ എല്ലാ അവശ്യ രേഖകളും സര്‍ട്ടിഫിക്കറ്റുകളും സൂക്ഷിക്കാന്‍ പറ്റുന്ന ഒരു ലോക്കര്‍ ആണ്. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം വികസിപ്പിച്ചെടുത്ത ആപ്പാണിത്. നിങ്ങളുടെ ഔദ്യോഗിക രേഖകള്‍ ആപ്പിന്റെ ഡാറ്റാബേസില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ നിങ്ങളെ അനുവദിക്കുന്നു. ഈ സര്‍ട്ടിഫിക്കറ്റുകളുടെ ഉറവിടം ആധികാരികവും അവ നല്‍കുന്ന സ്ഥാപനങ്ങളുമായി നേരിട്ട് ബന്ധപ്പെടുത്തിയിട്ടുള്ളതുമാണ്.
എംപരിവാഹന്‍
നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ വികസിപ്പിച്ചെടുത്ത mParivahan ആപ്പ് നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ്, ആര്‍സി എന്നിവയുടെ ഡിജിറ്റല്‍ കോപ്പി സൃഷ്ടിക്കാന്‍ നിങ്ങളെ സഹായിക്കും. എല്ലാ പ്രാദേശിക ഗതാഗത ഓഫീസുകളിലും എല്ലാ ട്രാഫിക് ഉദ്യോഗസ്ഥരും ഇത് ഒരു ആധികാരിക രേഖയായി പരിഗണിക്കും.
രണ്ട് ആപ്ലിക്കേഷനുകളും ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളില്‍ ലഭ്യമാണ്. മാത്രമല്ല, ഈ ആപ്പുകളിലെ രജിസ്‌ട്രേഷന്‍ പ്രക്രിയയും വീണ്ടെടുക്കല്‍ പ്രക്രിയയും വളരെ എളുപ്പവും തടസ്സരഹിതവുമാണ്. അതിനാല്‍ അടുത്ത തവണ നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യപ്പെടുമ്പോള്‍, നിങ്ങളുടെ പോക്കറ്റുകളില്‍ ലൈസന്‍സ് തേടുന്നതിന് പകരം ഫോണ്‍ കൈവശമുണ്ടായാല്‍ മാത്രം മതി.
ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാതെ വാഹനം ഓടിക്കുന്നതിനുള്ള ലൈസന്‍സ് നേടുന്നതിനുള്ള പുതിയ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ രംഗത്തെത്തിയിരുന്നു. ഇതിനായി സര്‍ക്കാര്‍ അംഗീകരിച്ച അക്രഡിറ്റഡ് ട്രെയിനിങ് സെന്ററുകളില്‍നിന്ന് ഡ്രൈവിങ് പരിശീലനം പൂര്‍ത്തിയാക്കിയാല്‍ മതിയെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഇതോടെ ഇനി മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് (ആര്‍.ടി.ഒ.) നടത്തുന്ന ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കേണ്ടതില്ല.
'അക്രഡിറ്റഡ് ഡ്രൈവേഴ്സ് ട്രെയിനിങ് സെന്ററു'കളില്‍നിന്ന് പരിശീലനം പൂര്‍ത്തിയാകുന്നവരെ മാത്രമായിരിക്കും ആര്‍.ടി.ഒ.യുടെ ഡ്രൈവിങ് ടെസ്റ്റില്‍ നിന്ന് ഒഴിവാക്കുക. |