|
കടക്കെണിയിലായ എയര്‍ ഇന്ത്യ ഇനി ടാറ്റാ സണ്‍സിന് സ്വന്തം. 18,000 കോടി രൂപയ്ക്കാണ് എയര്‍ ഇന്ത്യ ടാറ്റയ്ക്ക് നല്‍കാന്‍ കേന്ദ്രം അനുമതി നല്‍കിയത്. ഡിസംബറോടെ കൈമാറല്‍ പ്രക്രിയ പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. എയര്‍ ഇന്ത്യ വാങ്ങാനുള്ള ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക വാഗ്ദാനം ചെയ്തത് ടാറ്റ ഗ്രൂപ്പാണ്.
ടാറ്റക്കൊപ്പം സ്പൈസ്ജെറ്റും എയര്‍ ഇന്ത്യക്കായി ലേലത്തില്‍ പങ്കെടുത്തിരുന്നു. 67 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് എയര്‍ ഇന്ത്യ ടാറ്റയിലേക്ക് തിരിച്ചെത്തുന്നത്. 1932ലാണ് ടാറ്റ എയര്‍ ഇന്ത്യാ എയര്‍ലൈന്‍ സ്ഥാപിക്കുന്നത്. പിന്നീട് ദേശസാല്‍കരണത്തിന്റെ ഭാഗമായി കേന്ദ്രം ഏറ്റെടുക്കുകയായിരുന്നു.
ടാറ്റ ഗ്രൂപ്പില്‍ ലയിച്ച എയര്‍ ഇന്ത്യ വ്യോമയാന മേഖലയില്‍ പുതിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ഇത് ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ ഫസ്റ്റ് എന്നിവ തമ്മിലുള്ള മത്സരത്തിനും വഴിയൊരുക്കും.
നാല് എയര്‍ ഓപ്പറേറ്റിംഗ് പെര്‍മിറ്റുകള്‍ (എഒപി) രണ്ടോ അതിലധികമോ ആക്കി സംയോജിപ്പിക്കാന്‍ വളരെ സമയമെടുക്കുമെങ്കിലും, എയര്‍ലൈനുകള്‍ തമ്മിലുള്ള അടുത്ത സഹകരണം ഉടന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒ എ ജി പങ്കിട്ട ഡാറ്റയുടെ അടിസ്ഥാനത്തില്‍ നടത്തിയ ഒരു വിശകലനം കാണിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ഡല്‍ഹി കപ്പാസിറ്റി ലീഡര്‍ ആകുമെന്നാണ്.
എയര്‍ ഇന്ത്യ, വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയുടെ ശേഷി വിഹിതം 40.17 ശതമാനമാണ്. അതായത് ഇന്‍ഡിഗോയേക്കാള്‍ മൂന്ന് ശതമാനം കൂടുതല്‍. ഇത് കോവിഡ് സമയങ്ങളിലെ കണക്കാണ്. വരാന്‍ പോകുന്ന പുതിയ കമ്പനി വലിയ രീതിയിലുള്ള മത്സരമായിരിക്കും കാഴ്ച്ചവെയ്ക്കാന്‍ പോകുന്നത്.
അതുപോലെ, ടാറ്റ ഗ്രൂപ്പിന് ഇന്‍ഡിഗോയേക്കാള്‍ കൂടുതല്‍ ശേഷിയുണ്ടെന്ന് ബാഗ്ഡോഗ്രയ്ക്കും ബോധ്യപ്പെടും. വടക്കന്‍ ബംഗാളിലേക്കും സിക്കിമിലേക്കും ഉള്ള കിഴക്കന്‍ കവാടമാണിത്.
നിലവില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സും ടാറ്റ സണ്‍സും ചേര്‍ന്ന് നടത്തുന്ന വിസ്താര എയര്‍ലൈന്‍സ് വിജയകരമായി മുന്നോട്ടുപോകുന്നുണ്ട്. അതിനിടെയാണ് എയര്‍ ഇന്ത്യയും ടാറ്റയുടെ കൈകളില്‍ തിരിച്ചെത്തുന്നത്. 68 വര്‍ഷങ്ങള്‍ക്കുശേഷം എയര്‍ ഇന്ത്യ വീണ്ടും പിറന്ന വീട്ടിലേക്ക് തിരികെയെത്തുകയാണ്. ലോകം ഉറ്റു നോക്കുന്നത് ആ തിരിച്ചുവരവാണ്.
എയര്‍ ഇന്ത്യയുടെ 60%, ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ 51% വീതം ഓഹരികള്‍ വില്‍ക്കാന്‍ 2000ല്‍ തന്നെ കേന്ദ്രം തീരുമാനിച്ചിരുന്നു. 2007ലാണ് ഇന്ത്യന്‍ എയര്‍ലൈന്‍സിനെ എയര്‍ ഇന്ത്യയില്‍ ലയിപ്പിച്ചത്. 2012ല്‍ സ്വകാര്യവല്‍ക്കരണ നടപടികള്‍ ഉപേക്ഷിച്ച് 30,000 കോടി രൂപ വകയിരുത്തി 10 വര്‍ഷത്തെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചു. എന്നാല്‍ 2017ല്‍ വീണ്ടും സ്വകാര്യവല്‍ക്കരണത്തിനു തീരുമാനിച്ചു. 76% ഓഹരി വില്‍ക്കാന്‍ 2018 ല്‍ താല്‍പര്യപത്രം ക്ഷണിച്ചെങ്കിലും വാങ്ങാന്‍ ആളില്ലായിരുന്നു.
ഇന്ത്യയിലെ ആദ്യത്തെ പൊതു-സ്വകാര്യ പങ്കാളിത്തത്തിലുള്ള അന്താരാഷ്ട്ര എയര്‍ ലൈന്‍സ് ആയിരുന്നു ഇത്. ഓഹരികളില്‍ 49 % സര്‍ക്കാര്‍ കൈവശം വയ്ക്കുകയും ടാറ്റ 25 % നിലനിര്‍ത്തുകയും ബാക്കി പൊതുജനങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു. 1953ലാണ് എയര്‍ ഇന്ത്യ ദേശസാല്‍ക്കരിച്ചത്. |