|
രണ്ടായിരം രൂപയുടെ നോട്ട് പിന്‍വലിക്കാനുള്ള ആര്‍ബിഐയുടെ തീരുമാനം വന്നതിന് പിന്നാലെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പരക്കംപായുന്നവര്‍ ഏറെ. പെട്രോള്‍ പമ്പുകളാണ് അവരുടെ പ്രധാന ആശ്രയം. സെപ്റ്റംബര്‍ വരെ നോട്ടുകള്‍ക്ക് സാധുതയുണ്ടെന്ന് ആര്‍ബിഐ അറിയിച്ചുവെങ്കിലും പലരും 2000 രൂപ നോട്ടുകള്‍ വാങ്ങാന്‍ തയാറാകുന്നില്ല. സര്‍ക്കാര്‍ സംവിധാനങ്ങളടക്കം പലരും നോട്ട് വാങ്ങാന്‍ തയാറാകുന്നില്ല. ഇതിനിടയില്‍ ഒരു ഡല്‍ഹി കടയുടമയുടെ പരസ്യമാണ് ഇന്റര്‍നെറ്റില്‍ ശ്രദ്ധ നേടുന്നത്.
വളരെ വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. ഈ കടയില്‍ നിങ്ങള്‍ രണ്ടായിരത്തിന്റെ നോട്ട് നല്‍കി സാധനം വാങ്ങുകയാണ് എങ്കില്‍ 2100 രൂപയ്ക്കുള്ള സാധനങ്ങള്‍ കിട്ടും- ഇതായിരുന്നു കടയുടമയുടെ പരസ്യം. വില്‍പന കൂട്ടാന്‍ വളരെ ബുദ്ധിപൂര്‍വമുള്ള ആശയം എന്ന അടിക്കുറിപ്പോടെയാണ് ട്വിറ്ററില്‍ ചിത്രം വന്നത്. ഒരു ഇറച്ചിക്കടയാണ് രണ്ടായിരം നോട്ട് തന്നാല്‍ 2100 രൂപയ്ക്കുള്ള സാധനങ്ങള്‍ കിട്ടും എന്ന് പരസ്യം ചെയ്തിരിക്കുന്നത്. |