Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.1001 INR  1 EURO=106.8604 INR
ukmalayalampathram.com
Wed 17th Dec 2025
 
 
ബിസിനസ്‌
  Add your Comment comment
2014 മുതല്‍ ഇന്ത്യയില്‍ സംഭവിച്ചിട്ടുള്ളത് വലിയ മാറ്റങ്ങളാണെന്ന് അമേരിക്കന്‍ നിക്ഷേപക സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട്
Text By: Team ukmalayalampathram
ലോക ഭൂപടത്തില്‍ ഇന്ത്യ നിര്‍ണായക സ്ഥാനത്തെത്തിയെന്നും വരും വര്‍ഷങ്ങളില്‍ ഏഷ്യയുടെയും ലോകത്തിന്റെ തന്നെയും വളര്‍ച്ചയുടെ പ്രധാന ഘടകമായി മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ 2024 ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം സര്‍ക്കാര്‍ മാറിയാല്‍ ഈ പ്രവചനങ്ങള്‍ മാറിമറിയാമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ രാജ്യം എങ്ങനെ മാറ്റിയെന്നും അദ്ദേഹത്തെ അധികാരത്തില്‍ നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്താന്‍ കേന്ദ്രവും ബിജെപിയും ഈ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടാനാണ് സാധ്യത.

''ഇന്ത്യയുടെ അടുത്ത ദശകത്തിലെ വളര്‍ച്ച 2007-11 വര്‍ഷത്തിലെ ചൈനയുടെ വളര്‍ച്ചക്ക് സമാനമാകും. ജിഡിപിയും ഉത്പാദന മേഖലയിലെ വളര്‍ച്ചയും ഇന്ത്യക്ക് അനുകൂലമാകും'', എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2013ല്‍ ഉണ്ടായിരുന്നതില്‍ നിന്ന് ഇന്നത്തെ ഇന്ത്യ വ്യത്യസ്തമാണ് എന്നും 'ഒരു ദശാബ്ദത്തിനുള്ളില്‍ ഇന്ത്യ എങ്ങനെ രൂപാന്തരപ്പെട്ടു' എന്ന പേരില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ ഓഹരി വിപണി കഴിഞ്ഞ 25 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വളര്‍ച്ചയില്‍ എത്തി നില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഉണ്ടായ പത്തു വലിയ മാറ്റങ്ങളാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും പ്രതിപാദിക്കുന്നത്. ആദ്യത്തേത് രാജ്യത്തെ നയ പരിഷ്‌കാരങ്ങളാണ്. കോര്‍പറേറ്റ് നികുതിയില്‍ തുല്യത കൊണ്ടുവന്നു. അടിസ്ഥാന സൗകര്യ വികസനത്തിലെ നിക്ഷേപം വര്‍ദ്ധിച്ചു. ഒരു ഡസനിലധികം കേന്ദ്ര-സംസ്ഥാന നികുതികളെ ജിഎസ്ടിയുടെ കീഴിലാക്കി ഏകീകൃത നികുതി സംവിധാനം കൊണ്ടുവന്നു. ദേശീയ പാതകള്‍, ബ്രോഡ്ബാന്‍ഡ് വരിക്കാര്‍, പുനരുപയോഗിക്കാവുന്ന വൈദ്യുതി, വൈദ്യുതീകരിച്ച റെയില്‍വേ റൂട്ടുകള്‍ തുടങ്ങിയ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ വളര്‍ച്ചയുണ്ടായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിച്ചെന്നും മോദി സര്‍ക്കാര്‍ റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ്) നിയമം നടപ്പിലാക്കിയതിന് ശേഷം പുതിയ റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടുള്ള സബ്സിഡി കൈമാറ്റത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. കോര്‍പ്പറേറ്റ് കടം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയുടെ 50 ശതമാനത്തിലെത്തി എന്നും മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശനിക്ഷേപത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

കോര്‍പ്പറേറ്റ് മേഖലയിലെ വളര്‍ച്ച സമീപ വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. കയറ്റുമതി വിപണി വിഹിതം 2031 ഓടെ ഇരട്ടിയിലധികമായി 4.5 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും 2032 ആകുമ്പോഴേക്കും ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം 2,200 യുഎസ് ഡോളറില്‍ നിന്ന് 5,200 ഡോളറായി ഉയരും എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
 
Other News in this category

 
 




 
Close Window