ലണ്ടന്‍: ബലാത്സംഗ കേസിലെ പ്രതിയെ പോലും നാടുകടത്താന്‍ ശേഷിയില്ലാതെ ബ്രിട്ടന്! കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ കുറ്റവാളിക്കാണ് നാടുകടത്തലില്‍ നിന്നും മാനസിക ആരോഗ്യത്തിന്റെ പേരില്‍ ഇളവ് ലഭിച്ചത്. കൗമാരക്കാരിയായ പെണ്‍കുട്ടിയെ അക്രമിച്ച കേസില്‍ ജയിലിലായിരുന്ന കുറ്റവാളിയെ 2014-ലാണ് ചവിട്ടിപ്പുറത്താക്കാന്‍ ഉത്തരവ് വന്നത്. എന്നാല്‍ ഈസ്റ്റ് ആഫ്രിക്കയിലെ എറിത്രിയ സ്വദേശിയായ കുറ്റവാളി തനിക്ക് വിഷാദത്തിന് ചികിത്സ ലഭിക്കില്ലെന്ന വാദം ഉന്നയിച്ചാണ് അപ്പീല്‍ നല്‍കിയത്.
സ്വന്തം നാട്ടിലേക്ക് മടങ്ങിയാല്‍ ഇയാള്‍ സ്വയം ജീവനെടുക്കാനാണ് സാധ്യതയെന്ന് ഡോക്ടര്‍ സാക്ഷിമൊഴി നല്‍കിയതോടെയാണ് അപ്പീല്‍ വിജയിച്ചത്. സൈനിക സേവനം നല്‍കാതെ കൗമാരകാലത്ത് നാടുകടന്നതിനാല് ഇതിന്റെ പേരില്‍ തിരികെ ചെല്ലുമ്പോള്‍ ശിക്ഷ നേരിടാനും സാധ്യതയുണ്ടെന്നാണ് ഇവര്‍ വാദിച്ചത്. എന്നാല്‍ യുകെയില്‍ സ്വതന്ത്രനായി നടന്നാല്‍ ഇയാള്‍ പൊതുജനങ്ങള്‍ക്ക് അപകടം സൃഷ്ടിക്കുമെന്ന് സുരക്ഷാ റിപ്പോര്‍ട്ട് നിലവിലുണ്ട്. ഈ മുന്നറിയിപ്പ് അവഗണിച്ചാണ് നാടുകടത്തലില്‍ നിന്നും സംരക്ഷണം നല്‍കിയത്. 'ഇയാള്‍ ഗുരുതരമായ കുറ്റകൃത്യമാണ് നടത്തിയത്. രാജ്യത്തിന്റെ അരികില്‍ പോലും അടുപ്പിക്കാന്‍ പാടില്ല. അപ്പീല്‍ വിജയിച്ചത് ട്രിബ്യൂണല്‍ ബ്രിട്ടന്റെ മനസ്സ് മനസ്സിലാക്കുന്നില്ലെന്നതിന് തെളിവാണ്', ടോറി എംപി നിഗല്‍ മില്‍സ് പറഞ്ഞു.