ഓണ്‍ലൈനായി വാങ്ങിയ ഐസ്ക്രീമില് നഖത്തോടുകൂടിയ മാംസക്കഷണം കണ്ടെത്തിയതായി പരാതി. മുംബൈയിലെ മലഡ് ഏരിയയിലാണ് മനുഷ്യന്റേതെന്ന് കരുതുന്ന വിരല്‍ ഐസ്ക്രീമില് നിന്ന് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. വിരല്‍ പരിശോധനയ്ക്കയച്ചിരിക്കുകയാണ്. മലഡ് വെസ്റ്റ് സ്വദേശിയായ യുവ ഡോക്ടറാണ് പരിതിയുമായി പൊലീസിനെ സമീപിച്ചത്. യുമ്മോ കമ്പനിയുടെ ബട്ടര്‍സ്കോച്ച് ഫ്ലേവറിലുള്ള ഐസ്ക്രീമാണ് പരാതിക്കാരന് ഓര്‍ഡര്‍ ചെയ്തത്. ഐസ്ക്രീം പകുതിയോളം കഴിച്ച ശേഷമാണ് വിരല്‍ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണ് പരാതി ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
വിചിത്രമായ സംഭവത്തെ തുടര്‍ന്ന്, ഡോക്ടര്‍ ഐസ്ക്രീം കമ്പനിയുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ കമ്പനിയില്‍ നിന്ന് പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന് മാംസക്കഷണം ഐസ് ബാഗിലാക്കി മലാഡ് പൊലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ യുമ്മോ ഐസ്ക്രീം കമ്പനിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. മനുഷ്യന്റെ വിരലെന്ന് സംശയിക്കുന്ന മാംസക്കഷണമാണ് ലഭിച്ചിരിക്കുന്നതെന്നും, മനുഷ്യ ശരീരത്തിന്റെ ഭാഗമാണോ എന്ന് ഉറപ്പിക്കാനായി ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.