ലണ്ടന്‍: ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ നികുതി വര്‍ദ്ധിക്കുമെന്ന് പല ഭാഗത്ത് നിന്നും മുന്നറിയിപ്പുകള്‍ വരുന്നുണ്ട്. ഇതിനിടയിലാണ് കൗണ്‍സില്‍ ടാക്സ് വര്‍ദ്ധിപ്പിക്കാനായി കീര്‍ സ്റ്റാര്‍മര്‍ സാറ്റലൈറ്റ് സഹായം തേടുമെന്ന് ടോറികളുടെ മുന്നറിയിപ്പ് വരുന്നത്. ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സാറ്റലൈറ്റ് സേവനം ഉപയോഗപ്പെടുത്തി വലിയ പൂന്തോട്ടങ്ങള്‍ ഉള്ള വീടുകള്‍ രഹസ്യമായി കണ്ടെത്തി കൗണ്‍സില്‍ ടാക്സ് ഉയര്‍ത്തുമെന്നാണ് കണ്‍സര്‍വേറ്റീവ് മുന്നറിയിപ്പ് നല്‍കുന്നത്. ഈ വാദങ്ങള്‍ വെറും 'സ്വപ്നം' മാത്രമാണെന്ന് സ്റ്റാര്‍മറുടെ പാര്‍ട്ടി അവകാശപ്പെടുന്നുണ്ടെങ്കിലും കുടുംബങ്ങള്‍ക്ക് അവര്‍ ഈ തിരിച്ചടി നല്‍കുമെന്ന് ഹൗസിംഗ് സെക്രട്ടറി മൈക്കിള്‍ ഗോവ് ഉറപ്പിച്ച് പറയുന്നു.
'ബിഗ് ബ്രദര്‍' സ്റ്റൈല്‍ പദ്ധതികള്‍ ഉപയോഗപ്പെടുത്താന്‍ ലേബര്‍ തയ്യാറാകുമെന്ന് ഗോവ് നേരത്തെ ആരോപിച്ചിരുന്നു. ലേബര്‍ നേതൃത്വം നല്കുന്ന വെയില്‍സ് ഗവണ്മെന്റ് ഭവനഉടമകളെ രഹസ്യമായി നിരീക്ഷിക്കാന്‍ സാറ്റലൈറ്റ് ഉപയോഗിക്കുന്നതായി വിവരം പുറത്തുവന്നതോടെയാണ് ഈ ആരോപണം ശക്തമായത്. വെയില്‍സില്‍ വലിയ പൂന്തോട്ടങ്ങളുള്ള പ്രോപ്പര്‍ട്ടികള്‍ കണ്ടെത്താനും, എന്തെങ്കിലും പുനരുദ്ധാരണ, വിപുലീകരണം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് രഹസ്യമായി സാറ്റലൈറ്റ് ഉപയോഗിക്കുന്നതായി വ്യക്തമായത്. ഇതിന് പുറമെ വീട് വലുതായാലും, നല്ല സ്കൂളുകളുള്ള സ്ഥലത്ത് താമസിച്ചാലും, ക്രൈം കുറവാണെങ്കിലും കൗണ്‍സില്‍ ടാക്സ് ബില്‍ ഉയരുമെന്ന സ്ഥിതിയാണ്. ഈ അവസ്ഥ ഇംഗ്ലണ്ടിലും വരുമെന്നാണ് ടോറി മുന്നറിയിപ്പ്.