ഛത്രപതി ശിവജിയുടെ പുതിയ പ്രതിമ പണിയാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. പഴയ പ്രതിമയുടെ ഇരട്ടി വലുപ്പമുള്ള പുതിയ പ്രതിമയ്ക്ക് ചെലവ് കണക്കാക്കുന്നത് 20 കോടി രൂപയാണ് . സര്‍ക്കാര്‍ ഇതിനായി ടെന്‍ഡര്‍ ക്ഷണിച്ചു.
പ്രതിമയ്ക്ക് 100 വര്‍ഷത്തെ ഗ്യാരന്റി ഉണ്ടായിരിക്കണമെന്നും കരാറുകാരന്‍ 10 വര്‍ഷത്തേക്ക് അറ്റകുറ്റപ്പണികളും ചെയ്യണമെന്നും ടെന്‍ഡര്‍ രേഖയില്‍ പറയുന്നു. തുടക്കത്തില്‍, മൂന്നടി ഫൈബര്‍ നിര്‍മ്മിത പ്രതിമ മാതൃക സൃഷ്ടിക്കുമെന്നും അതിനുശേഷം ആര്‍ട്‌സ് ഡയറക്ടറേറ്റില്‍ നിന്ന് പ്രതിമയ്ക്ക് അംഗീകാരം നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
''ഐഐടി-ബോംബെയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ മുഴുവന്‍ പദ്ധതിയും നടപ്പിലാക്കുകയും പരിചയസമ്പന്നരായ ഏജന്‍സികള്‍ക്ക് ഈ പ്രതിമയുടെ നിര്‍മ്മാണ ചുമതല നല്‍കുകയും ചെയ്യും. പ്രതിമയുടെ ശക്തി ഉറപ്പാക്കാന്‍ മറ്റ് നിരവധി വിദഗ്ധരെയും ഉള്‍പ്പെടുത്തും '-ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സിന്ധുദുര്‍ഗിലെ തകര്‍ന്ന പ്രതിമയുടെ അതേസ്ഥാനത്ത് തന്നെയാകും പുതിയ പ്രതിമ സ്ഥാപിക്കുക. പതിനേഴാം നൂറ്റാണ്ടിലെ മറാത്ത സാമ്രാജ്യ സ്ഥാപകന്‍ ശിവജിയുടെ 35 അടി ഉയരമുള്ള പ്രതിമ കഴിഞ്ഞ വര്‍ഷം നാവിക സേന ദിനമായ ഡിസംബര്‍ നാലിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാശ്ഛാദനം ചെയ്തത്. സിന്ധുദുര്‍ഗ് ജില്ലയിലെ മല്‍വാന്‍ താലൂക്കിലുള്ള രാജ്കോട്ട് കോട്ടയിലായിരുന്നു പ്രതിമ സ്ഥാപിച്ചത്.
എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റ് 26നുണ്ടായ ശക്തമായ കാറ്റില്‍ പ്രതിമ തകര്‍ന്നു. ശില്‍പി ജയദീപ് ആപ്തയെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. സര്‍ക്കാര്‍ ധൃതിപിടിച്ചാണ് ശില്‍പ്പ നിര്‍മ്മാണത്തിന് തീരുമാനിച്ചതെന്നും അതാണ് ഗുണനിലവാരം മോശമാകാനും തകര്‍ന്ന് വീഴാനും കാരണമെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്ത് എത്തിയതിന് പിന്നാലെയാണ് പുതിയ പ്രതിമ നിര്‍മ്മാണത്തിന് ഉത്തരവിട്ടിരിക്കുന്നത്. |