Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 06th Oct 2024
 
 
Teens Corner
  Add your Comment comment
പതിനഞ്ചാമത് യുക്മ ദേശീയ കലാമേള നവംബര്‍ രണ്ടിന് ചെല്‍റ്റന്‍ഹാമില്‍. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ രൂപകല്പന ചെയ്യുന്ന വ്യക്തിക്ക് ക്യാഷ് അവാര്‍ഡും മെമന്റോയും.
Text By: Reporter, ukmalayalampathram
കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെയ്തത് പോലെ ദേശീയ കലാമേളക്ക് അനുയോജ്യമായ ലോഗോ രൂപകല്‍പ്പന ചെയ്യുവാനും കലാമേള നഗറിന് ഉചിതമായ പേര് നിര്‍ദ്ദേശിക്കുവാനും യുക്മ ദേശീയ സമിതി അപേക്ഷകള്‍ ക്ഷണിക്കുന്നു. യുക്മ ദേശീയ കലാമേളയിലും ബന്ധപ്പെട്ട എല്ലാ പ്രചരണോപാധികളിലും തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയും പേരും ഉപയോഗിക്കുന്നതാണ്. ലോഗോയും പേരും സമര്‍പ്പിക്കുവാനുള്ള അവസാന തീയതി ഒക്ടോബര്‍ 10 വ്യാഴം ആയിരിക്കും.


ഭാരതത്തിന്റെ മഹത്തായ സാഹിത്യ - സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞ് നിന്ന മഹാരഥന്മാരുടെ പേരുകളിലാണ് മുന്‍ വര്‍ഷങ്ങളിലും ദേശീയ കലാമേള നഗറുകള്‍ അറിയപ്പെട്ടിരുന്നത്. കലയുടെ നഭസ്സിലെ വെള്ളിനക്ഷത്രങ്ങള്‍ക്ക് യുക്മ നല്‍കുന്ന ആദരവ് കൂടിയാണ് ഈ നാമകരണം. യുക്മ ദേശീയ കലാമേളകളുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഓരോ നാമകരണങ്ങളും. കവികളിലെ മഹാരാജാവ് സ്വാതിതിരുനാള്‍, അഭിനയ കുലപതി പത്മശ്രീ തിലകന്‍, സംഗീത കുലപതികള്‍ ദക്ഷിണാമൂര്‍ത്തി സ്വാമികള്‍, എം.എസ്.വിശ്വനാഥന്‍, ജ്ഞാനപീഠ ജേതാവ് മഹാകവി ഒ.എന്‍.വി.കുറുപ്പ്, ജനകീയ നടന്‍ കലാഭവന്‍ മണി, വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌ക്കര്‍, ബോളിവുഡ് ചലച്ചിത്ര വിസ്മയം ശ്രീദേവി, സര്‍വ്വകലാ വല്ലഭനായിരുന്ന എസ്.പി.ബാലസുബ്രമണ്യന്‍, മലയാളത്തിന്റെ അഭിനയ സമ്രാട്ട് നെടുമുടി വേണു, ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കര്‍, എന്നിവര്‍ അത്തരത്തില്‍ ആദരിക്കപ്പെട്ടവരായിരുന്നു.


ദേശീയ കലാമേളക്ക് മുന്നോടിയായി നടക്കുന്ന റീജിയണല്‍ കലാമേളകള്‍ക്കുള്ള ഒരുക്കങ്ങള്‍ റീജിയണല്‍ കമ്മിറ്റി നേതൃത്വങ്ങള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഒക്ടോബര്‍ അഞ്ചിന് ശനി മുതല്‍ ഒക്ടോബര്‍ 26 ശനി വരെയാണ് വിവിധ റീജിയണുകളില്‍ കലാമേള നടക്കുന്നത്. യുക്മയുടെ വിവിധ റീജിയണുകളില്‍ നടക്കുന്ന കലാമേളകളിലെ വിജയികളാണ് ദേശീയ കലാമേളയില്‍ പങ്കെടുക്കുവാന്‍ യോഗ്യത നേടുന്നത്. ഒക്ടോബര്‍ 5 ന് യോര്‍ക്ക്ഷയര്‍ & ഹംബര്‍ റീജിയണ്‍ കലാമേള റോഥര്‍ഹാമിലും മിഡ്ലാന്‍ഡ്സ് റീജിയണ്‍ കലാമേള കവന്‍ട്രിയിലും നടക്കുന്നതാണ്. ഒക്ടോബര്‍ 12 ന് നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കലാമേള വിഗണിലും, സൌത്ത് ഈസ്റ്റ് റീജിയണ്‍ കലാമേള ക്രൌളിയിലും നടക്കും. ഒക്ടോബര്‍ 26 ന് സൗത്ത് വെസ്റ്റ് റീജിയണ്‍ കലാമേള സാലിസ്ബറിയിലും ഈസ്റ്റ് ആംഗ്ളിയ റീജിയണ്‍ കലാമേള റെയ്ലിയിലും നടത്തപ്പെടും.


കഴിഞ്ഞ വര്‍ഷങ്ങളിലേതു പോലെ, ഏതൊരു യുകെ മലയാളിക്കും ലോഗോ - നഗര്‍ മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. കലാമേള ലോഗോ മത്സരത്തിന് ഒരാള്‍ക്ക് പരമാവധി രണ്ട് ലോഗോകള്‍ വരെ രൂപകല്പന ചെയ്ത് അയക്കാവുന്നതാണ്. എന്നാല്‍ കലാമേള നഗറിന് ഒരാള്‍ക്ക് ഒരു പേര് മാത്രമേ നിര്‍ദ്ദേശിക്കാന്‍ അവസരം ഉണ്ടാകുകയുള്ളൂ. ഒക്ടോബര്‍ 7 വരെ ലെരൃലമേൃ്യ.ൗസാമ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് എന്‍ട്രികള്‍ അയക്കാവുന്നതാണ്. വൈകി വരുന്ന എന്‍ട്രികള്‍ പരിഗണിക്കുന്നതല്ല. രണ്ട് മത്സരങ്ങളിലും പങ്കെടുക്കുന്നവര്‍ തങ്ങളുടെ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും എന്‍ട്രിയോടൊപ്പം അയക്കേണ്ടതാണെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ് അറിയിച്ചു.


തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ രൂപകല്പന ചെയ്യുന്ന വ്യക്തിക്ക് ക്യാഷ് അവാര്‍ഡും മെമന്റോയും, നഗര്‍ നാമകരണത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന പേര് നിര്‍ദ്ദേശിക്കുന്ന വ്യക്തികളില്‍ നിന്നും നറുക്കെടുപ്പിലൂടെ ഒരാള്‍ക്ക് മെമന്റോയും കലാമേള വേദിയില്‍ വെച്ച് നല്‍കുന്നതാണ്.


മലയാളി പ്രവാസലോകത്തെ ഏറ്റവും വലിയ കലാമേളയായ യുക്മ കലാമേളകള്‍ എക്കാലത്തും പ്രതിഭകളൂടെ സ്വപ്നവേദിയായിരുന്നു. നാല്പതിലധികം മത്സര ഇനങ്ങളിലായി ആയിരത്തിലധികം കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന യുക്മ കലാമേള, യു കെ മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത് വെച്ചിരിക്കുന്ന കലാ മാമാങ്കമാണ്. മത്സരാര്‍ത്ഥികളോടൊപ്പം കലയെ സ്നേഹിക്കുന്ന ആയിരക്കണക്കിന് കാണികള്‍ കൂടി എത്തിച്ചേരുമ്പോള്‍ കേരളത്തിലെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ പ്രതീതിയാണ് കലാമേള നഗറില്‍ കാണാന്‍ കഴിയുക.


പതിനഞ്ചാമത് യുക്മ ദേശീയ കലാമേള വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ ഏവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് യുക്മ ദേശീയ സമിതിക്ക് വേണ്ടി പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ അഭ്യര്‍ത്ഥിച്ചു.
 
Other News in this category

 
 




 
Close Window