വിരാലിലെ അറിയപ്പെടുന്ന പാചക വിദഗ്ധനും സംഘടനാ പ്രവര്‍ത്തകനുമായ ആന്റോ ജോസിന്റെ നേതൃത്വത്തിലാണ് ഈ മെഗാ ഓണസദ്യ ഒരുക്കിയത്. ഇവരുടെ ഓണ ആഘോഷത്തിന് മാറ്റ് കൂട്ടികൊണ്ട് നിരവധി ഓണകളികളും വിവിധങ്ങളായ നൃത്തങ്ങളും ഗാനങ്ങളും വയലിന്‍ കച്ചേരിയും കൂടാതെ ലിവര്‍പൂളിലെ അതി പ്രശസ്ത ചെണ്ട വിദ്വാന്മാര്‍ ഒന്നിക്കുന്ന വാദ്യ ചെണ്ടമേളം ഗ്രൂപ്പിന്റെ ചെണ്ട മേളവും കൂടി ഒന്നിച്ചപ്പോള്‍ ഓണ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയ ജന സഹസ്രങ്ങളുടെ വയറും കണ്ണും മനസ്സും ഹൃദയവും നിറഞ്ഞു. ഇവരുടെ ഓണ ആഘോഷ വേദിയില്‍ വച്ചു യുകെയിലെ പ്രശസ്തനായ ചാരിറ്റി പ്രവര്‍ത്തകന്‍ ടോം ജോസ് തടിയംപാടിനെ പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു. ഇടുക്കി ചാരിറ്റി എന്ന ചാരിറ്റി പ്രസ്ഥാനത്തിലൂടെ ഇദ്ദേഹം രണ്ട് കോടിയോളം രൂപയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ പാവങ്ങള്‍ക്ക് വേണ്ടി നടത്തിയിട്ടുണ്ട്. കേരളാ കമ്മ്യൂണിറ്റി വിരാലിന്റെ ഓണ ആഘോഷങ്ങള്‍ക്ക് ഒരു കുടുംബത്തിന് വെറും 35 പൗണ്ട് മാത്രമേ ഇടാക്കിയുള്ളൂ, ചടങ്ങില്‍ ജയിംസ് ഐലൂര്‍ അധ്യക്ഷത വഹിച്ചു. ഓണ ആഘോഷ ചടങ്ങില്‍ വച്ചു വിരാലിലെ പ്രശസ്ത ക്രിക്കറ്റ് ക്ലബ്ബായ സെന്റ് മേരീസിനെയും ആദരിച്ചു.