രാമായണത്തിലെ വാനരന്‍മാരായി അഭിനയിച്ച തടവുകാര്‍ സീതാദേവിയെ അന്വേഷിച്ചു പോകുന്നതായി ഭാവിച്ച് ജയില്‍ചാടി. കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട പങ്കജ്, വിചാരണ തടവുകാരന്‍ രാജ്കുമാര്‍ എന്നിവരാണ് ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലാ ജയിലിലെ സ്റ്റേജ് പരിപാടികള്‍ക്കിടെ രക്ഷപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തടവുകാര്‍ രക്ഷപ്പെട്ടതായി കണ്‍ട്രോള്‍ റൂമില്‍നിന്ന് പുലര്‍ച്ചെയാണ് സന്ദേശം ലഭിച്ചതെന്ന് ഹരിദ്വാര്‍ സീനിയര്‍ എസ്പി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ശക്തമായ തിരച്ചില്‍ നടന്നുവരുന്നതായി അധികൃതര്‍ പറഞ്ഞു. ജയിലിലെ നിര്‍മാണ ജോലികള്‍ക്ക് കൊണ്ടുവന്ന ഏണി ഉപയോഗിച്ചാണ് രണ്ടുപേരും രക്ഷപ്പെട്ടതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. |