നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളപ്പാള്ളി, പ്രസിഡന്റ് ശ്രീകുമാര്‍ ഉള്ളാപ്പിള്ളില്‍ എന്നിവരെ സ്വാഗതസംഘം കണ്‍വീനര്‍ മാരായി തെരഞ്ഞെടുത്തു. ബര്‍മിംഗ്ഹാം യൂണിറ്റില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റി അംഗം ഗ്ലീറ്ററാണ് സ്വാഗതസംഘം ചെയര്‍മാന്‍. ആതിഥേയ യൂണിറ്റിലെ മുഴുവന്‍ അംഗങ്ങളോടൊപ്പം സമീക്ഷയുടെ എല്ലാ യൂണിറ്റുകളില്‍ നിന്നും ഉള്ള പ്രതിനിധികളും സ്വാഗത സംഘത്തിലുണ്ട്. നാഷണല്‍ സെക്രട്ടേറിയറ്റ്, നാഷണല്‍ കമ്മിറ്റി, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് സ്വാഗതസംഘം രൂപീകരിച്ചത്. വിവിധ സബ് കമ്മിറ്റികളും പ്രവര്‍ത്തനം ആരംഭിച്ചു. ദേശീയ സമ്മേളനത്തിന് മുന്നോടിയായുള്ള യൂണിറ്റ് സമ്മേളനങ്ങള്‍ ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാക്കും. നവംബര്‍ പകുതിയോടെ മുഴുവന്‍ ഏരിയാ സമ്മേളനങ്ങളും ചേരും. നവംബര്‍ 30ന് ബര്‍മിംഗ്ഹാമിലെ ഹോളി നേം പാരിഷ് സെന്റര്‍ ഹാളിലാണ് ദേശീയ സമ്മേളനം. ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തുന്ന സമ്മേളനം, അടുത്ത സമ്മേളന കാലയളവ് വരെയുള്ള നയപരിപാടികള്‍ ആസൂത്രണം ചെയ്യും. ചൂരല്‍മലയുടെ പുനര്‍നിര്‍മാണത്തിന് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി ദേശീയ സമ്മേളനം ഒരു ദിവസത്തേക്ക് ചുരുക്കിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ ആഘോഷ പരിപാടികള്‍ ഉള്‍പ്പടെ രണ്ട് ദിവസമായിരുന്നു സമ്മേളനം. രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും.