തിരുവനന്തപുരം: വയനാട് പുനരധിവാസം സംബന്ധിച്ച് കേന്ദ്ര വായ്പാ വിനിയോഗത്തിന് പദ്ധതി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. വിവിധ വകുപ്പുകള്‍ ഒരാഴ്ചയ്ക്കകം പദ്ധതി നടത്തിപ്പ് നിര്‍ദ്ദേശങ്ങള്‍ നല്‍കണം. ദുരന്ത നിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. വിവിധ വകുപ്പ് തലവന്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു. വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനെന്ന പേരിലാണ് 529.50 കോടിയുടെ വായ്പ കേന്ദ്രം അനുവദിച്ചത്.
മാര്‍ച്ച് 31 നകം ഉപയോഗിക്കണമെന്ന് വ്യവസ്ഥയോടെയാണ് മൂലധനിക്ഷേപ പദ്ധതികള്‍ക്കുള്ള പ്രത്യേക സഹായ പദ്ധതിയില്‍ വായ്പ അനുവദിച്ചത്. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന രണ്ടു ടൗണ്‍ഷിപ്പുകളിലെ പൊതുകെട്ടിടങ്ങള്‍, 110 കെവി സബ് സ്റ്റേഷന്‍, റോഡുകള്‍, പാലം, വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളുടെ പുനര്‍നിര്‍മാണം,വൈത്തിരി താലൂക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സാ സൗകര്യമുള്ള കെട്ടിടം തുടങ്ങിയ 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. മൂലധന നിക്ഷേപ പദ്ധതികളിലെ വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം.