ലണ്ടന്‍: സബ്‌സ്റ്റേഷനില്‍ തീപിടിത്തത്തെ തുടര്‍ന്ന് വെള്ളിയാഴ്ച 18 മണിക്കൂര്‍ നിശ്ചലമായ ഹീത്രോ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. ഇന്നലെ വിമാന സര്‍വീസുകള്‍ സുഗമമായി നടന്നു. എങ്കിലും സര്‍വീസുകള്‍ പഴയനിലയിലാകാന്‍ കുറച്ചു ദിവസങ്ങളെടുക്കുമെന്ന് ഹീത്രോ അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രി 11നാണ് സബ്‌സ്റ്റേഷനില്‍ തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന് ഹീത്രോയിലെ വൈദ്യുതി നിലച്ചത്. ബാക്ക് അപ് സംവിധാനം പര്യാപ്തമല്ലാതിരുന്നതിനാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു. ഈ സമയം 120 വിമാനങ്ങള്‍ ഇവിടേക്കുള്ള യാത്രയിലായിരുന്നു. ഇവ മറ്റു വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു. ആകെ 1300ല്‍ ഏറെ വിമാന സര്‍വീസുകള്‍ മുടങ്ങി. ലക്ഷക്കണക്കിനു യാത്രക്കാര്‍ ബുദ്ധിമുട്ടിലായി.
തീവ്രശ്രമത്തെത്തുടര്‍ന്ന് 7 മണിക്കൂര്‍ കൊണ്ട് തീയണയ്ക്കാനായെങ്കിലും 18 മണിക്കൂറിനു ശേഷമാണ് ആദ്യ വിമാനം ഇറങ്ങിയത്. ഇവിടെ നിന്ന് ഏറ്റവും കൂടുതല്‍ വിമാന സര്‍വീസ് നടത്തുന്നത് ബ്രിട്ടിഷ് എയര്‍വേയ്‌സ് ഇന്നലെ 85% സര്‍വീസുകളും നടത്തി. എയര്‍ ഇന്ത്യ ഉള്‍പ്പെടെ മിക്ക വിമാനക്കമ്പനികളും ഇന്ത്യയില്‍ നിന്ന് ഇന്നലെ പതിവു സര്‍വീസുകള്‍ നടത്തി. സബ്‌സ്റ്റേഷനിലെ തീപിടിത്തത്തിന്റെ കാരണം വിവിധ ഏജന്‍സികള്‍ അന്വേഷിക്കുന്നു. കഴിഞ്ഞ വര്‍ഷം ഹീത്രോവിലെ യാത്രക്കാരുടെ എണ്ണം 8.39 കോടിയായിരുന്നു.