|
ഹിന്ദു ആചാരപ്രകാരം യുക്രേനിയന്‍ സ്വദേശികളായ യുവതിയും 72കാരനും വിവാഹിതരാകുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. എന്‍ഡിടിവി രാജസ്ഥാന്‍ റിപ്പോര്‍ട്ട് അനുസരിച്ച്, നാല് വര്‍ഷത്തെ ലിവിങ്-ഇന്‍ റിലേഷന്‍ഷിപ്പിന് ശേഷമാണ് സ്റ്റാനിസ്ലാവും (72), അന്‍ഹെലിനയും (27) പരമ്പരാഗത ആചാരങ്ങളിലൂടെ ഒന്നിക്കാന്‍ തീരുമാനിച്ചത്. ജയ്പൂരും ഉദയ്പൂരും പരിഗണിച്ചിരുന്നെങ്കിലും, ഒടുവില്‍ അവര്‍ വിവാഹത്തിനായി ജോധ്പൂര്‍ തിരഞ്ഞെടുക്കുകയായിരുന്നു.
വീഡിയോയില്‍, വരന്‍ ഷെര്‍വാണിയും തലപ്പാവും ധരിച്ചപ്പോള്‍, വധു പരമ്പരാഗത മര്‍വാരി വസ്ത്രമാണ് തിരഞ്ഞെടുത്തത്. സുഹൃത്തുക്കളും നാട്ടുകാരും പങ്കെടുത്ത വിവാഹ ചടങ്ങുകള്‍ ഒരു ഹോട്ടലില്‍ വെച്ചാണ് നടന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, രാവിലെ നടന്ന ഹല്‍ദി ചടങ്ങോടെയാണ് വിവാഹച്ചടങ്ങുകള്‍ ആരംഭിച്ചത്, തുടര്‍ന്ന് വൈകുന്നേരം വിവാഹ ഘോഷയാത്രയും നടന്നു. വിവാഹത്തിന്റെ ഏഴ് പ്രതിജ്ഞകളടക്കമുള്ള ചടങ്ങുകള്‍ ഒരു ഹൈന്ദവ പുരോഹിതന്റെ നേതൃത്വത്തിലാണ് നടന്നത്.
ഈ വിവാഹം ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിയിച്ചു, ആളുകള്‍ ദമ്പതികളെക്കുറിച്ച് അറിയാന്‍ ആകാംക്ഷ പ്രകടിപ്പിച്ചു. ചിലര്‍ ഹിന്ദു ആചാരങ്ങള്‍ തിരഞ്ഞെടുത്തതിന് അവരെ അഭിനന്ദിച്ചപ്പോള്‍, മറ്റ് ചിലര്‍ എന്തിനാണ് ഒരു ഇന്ത്യന്‍ ശൈലിയിലുള്ള ചടങ്ങ് തിരഞ്ഞെടുത്തതെന്ന് ചോദിച്ചു. 72-കാരനായ വരനും 27-കാരിയായ വധുവും തമ്മിലുള്ള പ്രായവ്യത്യാസവും ചര്‍ച്ചകള്‍ക്ക് വിഷയമായി. ചില ആളുകള്‍ അത്ഭുതം പ്രകടിപ്പിച്ചപ്പോള്‍, സ്‌നേഹത്തിന് പ്രായം ഒരു വിഷയമല്ലെന്ന് പറഞ്ഞുകൊണ്ട് ഈ ബന്ധത്തെ ആഘോഷിക്കാനുള്ള അവരുടെ തീരുമാനത്തെ മറ്റ് ചിലര്‍ അഭിനന്ദിച്ചു. |