Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=118.1893 INR  1 EURO=102.6378 INR
ukmalayalampathram.com
Sat 18th Oct 2025
 
 
UK Special
  Add your Comment comment
ബ്രിട്ടന്‍ കടുത്ത സാമ്പത്തിക പ്രഖ്യാപനങ്ങളിലേക്ക്; നികുതി വര്‍ധനയും ചെലവ് ചുരുക്കലും ഓട്ടം ബജറ്റില്‍
reporter

ലണ്ടന്‍: 30 ബില്ല്യണ്‍ പൗണ്ടിന്റെ സാമ്പത്തിക കുറവ് നേരിടുന്നതിനായി അടുത്ത മാസം അവതരിപ്പിക്കുന്ന ഓട്ടം ബജറ്റില്‍ കടുത്ത സാമ്പത്തിക നടപടികളുമായി ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. നികുതി വര്‍ധനയും സര്‍ക്കാര്‍ ചെലവുകള്‍ ചുരുക്കലുമാണ് പ്രധാന പ്രഖ്യാപനങ്ങള്‍ ആകുമെന്ന് സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ റീവ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.

നികുതി വര്‍ധനയെ കുറിച്ച് നേരത്തെ പരസ്യമായി പരാമര്‍ശിച്ചിട്ടില്ലെങ്കിലും, ഈ അഭിമുഖത്തിലാണ് റീവ്‌സ് ആദ്യമായി തുറന്നുപറഞ്ഞത്. 2029-30 മുതല്‍ സര്‍ക്കാര്‍ ദൈനംദിന ചെലവുകള്‍ വായ്പയില്‍ ആശ്രയിക്കാതെ നികുതിയിലൂടെ തന്നെ നടത്തണമെന്ന ധനകാര്യ ചട്ടം ലംഘിക്കില്ലെന്നും അവര്‍ ഉറപ്പു നല്‍കി. മുന്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന്റെ ധനകാര്യ വീഴ്ചകളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന ആരോപണവും റീവ്‌സ് ഉന്നയിച്ചു.

ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിയുടെ പുതിയ വിലയിരുത്തലില്‍ ബ്രിട്ടീഷ് ഉല്‍പാദനക്ഷമത പ്രതീക്ഷിച്ചതിലും താഴ്ന്നതായും, ശീതകാല ഇന്ധനസഹായം, ക്ഷേമ പരിഷ്‌കാരങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ ചെലവുകള്‍ വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഐഎംഎഫ് ഈ വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 1.3% ആയി ഉയര്‍ത്തിയെങ്കിലും, അടുത്ത വര്‍ഷം അതേ നിലയില്‍ തന്നെ തുടരുമെന്നാണ് പ്രവചനം. അതായത്, വളര്‍ച്ചയുണ്ടെങ്കിലും വരുമാനം കുറഞ്ഞേക്കും.

ബ്രെക്‌സിറ്റ്, ലിസ് ട്രസ് സര്‍ക്കാരിന്റെ മിനി-ബജറ്റ് എന്നിവയും നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളാണെന്ന് റീവ്‌സ് ചൂണ്ടിക്കാട്ടി. നികുതി വര്‍ധനയും ചെലവ് ചുരുക്കലും ഏറ്റവും കൂടുതല്‍ ബാധിക്കുക കുറഞ്ഞ വരുമാനക്കാരെയും ക്ഷേമപദ്ധതികളില്‍ ആശ്രയിക്കുന്നവരെയും ആയിരിക്കും. ഇന്ധനച്ചെലവ്, ഭക്ഷ്യവില, വീടുവാടക എന്നിവ കൂടുമ്പോള്‍ ഇവരുടെ ജീവിതച്ചെലവ് വന്‍തോതില്‍ ഉയരുമെന്ന് വിദഗ്ധര്‍ മുന്നറിയിക്കുന്നു.

പൊതുസേവനങ്ങളിലെ ചില ചെലവുകള്‍ ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ആരോഗ്യ, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ മേഖലകളില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നും റീവ്‌സ് അംഗീകരിച്ചു. വെല്ലുവിളികളില്‍ നിന്ന് പിന്‍മാറില്ലെന്നും, ധനകാര്യ നിയന്ത്രണം ഉറപ്പാക്കിക്കൊണ്ട് സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താനാണ് ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി.

ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ മുന്നറിയിപ്പ് പ്രകാരം ഈ വര്‍ഷം ലോകത്തെ ആധുനിക സമ്പദ് വ്യവസ്ഥകളില്‍ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം യുകെയിലായിരിക്കും. പാശ്ചാത്യ രാജ്യങ്ങളില്‍ മോശം വളര്‍ച്ച നേടുന്ന രാജ്യമായി ബ്രിട്ടന്‍ മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തൊഴിലില്ലായ്മ നാല് വര്‍ഷത്തെ ഉയര്‍ന്ന നിലയിലേക്ക് എത്തിയതായും, വരുമാന വളര്‍ച്ച കുത്തനെ താഴുന്നതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ബ്രിട്ടന്‍ സാമ്പത്തിക പ്രതിസന്ധിയുടെ അപകടത്തിലേക്ക് പെട്ടെന്ന് എത്തിപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ ഉന്നത ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window