ലണ്ടന്‍: യുകെയില്‍ കുട്ടികളെ ലക്ഷ്യമാക്കി മിഠായി ബ്രാന്‍ഡുകളെ അനുകരിച്ച് നിക്കോട്ടിന്‍ കലര്‍ന്ന ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതായി രഹസ്യ അന്വേഷണത്തില്‍ കണ്ടെത്തല്‍. കുട്ടികളുടെ പ്രിയപ്പെട്ട മിഠായി ബ്രാന്‍ഡുകളുടെ രൂപകല്‍പന അനുകരിച്ചാണ് ഈ ഉല്‍പന്നങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.
ഗ്ലാസ്‌ഗോയിലെ ഒരു കടയില്‍ നിന്ന് വാങ്ങിയ 'ഓറഞ്ച് മില്ല്യണ്‍സ്' എന്ന പേരിലുള്ള പൗച്ചില്‍ 100 മില്ലിഗ്രാം നിക്കോട്ടിന്‍ ഉള്ളതായാണ് വില്‍പനക്കാരന്‍ വെളിപ്പെടുത്തിയത്. എന്നാല്‍ പരിശോധനയില്‍ 17 മില്ലിഗ്രാം മാത്രമായിരുന്നു ഉള്ളത്, എങ്കിലും ഇത് 'എക്സ്ട്രാ സ്‌ട്രോംഗ്' വിഭാഗത്തില്‍ പെടുന്നതാണ്.
പാക്കേജിംഗ് മിഠായികളെ പോലെ ആകര്‍ഷകമായതും, കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഡിസൈനുമാണ് ഈ ഉല്‍പന്നങ്ങള്‍ക്ക് ഉള്ളതെന്ന് ട്രേഡിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിര്‍മ്മാതാവിന്റെ വിലാസം, മുന്നറിയിപ്പ് ചിഹ്നങ്ങള്‍ തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ പല പായ്ക്കറ്റുകളിലും ഇല്ലാതെയായിരുന്നു. തങ്ങളുടെ ബ്രാന്‍ഡിന്റെ പേര് അനുമതിയില്ലാതെ ഉപയോഗിച്ചതായി ഗോള്‍ഡന്‍ കാസ്‌കറ്റ് ലിമിറ്റഡ് എന്ന മിഠായി നിര്‍മ്മാതാക്കള്‍ ആരോപിച്ചു.
നിക്കോട്ടിന്‍ കലര്‍ന്ന ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് നിലവില്‍ യുകെയില്‍ നിയമപരമായ നിയന്ത്രണമില്ല. ഇതോടെ 18 വയസിന് താഴെയുള്ളവര്‍ക്കും ഈ ഉല്‍പന്നങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പുകവലി നിര്‍ത്താനുള്ള സഹായമായി ചിലര്‍ ഇത് ഉപയോഗിച്ചാലും, പലരും പൂര്‍ണ്ണമായും അടിമയാകുന്നുവെന്നും, സ്‌കൂളുകളില്‍ പോലും കുട്ടികള്‍ രഹസ്യമായി ഇത് ഉപയോഗിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.