Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=118.1893 INR  1 EURO=102.6378 INR
ukmalayalampathram.com
Sat 18th Oct 2025
 
 
UK Special
  Add your Comment comment
ദീപാവലി വരും മുന്‍പേ ദീപാവലി ആഘോഷിച്ചോ ലണ്ടന്‍ നഗരം? ദീപാവലി ആഘോഷിക്കുന്ന ഫോട്ടോ പങ്കുവച്ച് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍
Text By: UK Malayalam Pathram
ലണ്ടനില്‍ നിന്നുള്ള ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് മേയര്‍ സാദിഖ് ഖാന്‍. ലണ്ടന്‍ ദീപാവലി കമ്മിറ്റിയുമായി സഹകരിച്ച് മേയര്‍ സാദിഖ് ഖാന്‍ ആണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. നഗരത്തിലെ ഹിന്ദു, സിഖ്, ജൈന സമൂഹങ്ങളില്‍ നിന്നുള്ളവര്‍ വൈവിധ്യമാര്‍ന്ന പ്രകടനങ്ങളും അവതരിപ്പിച്ചു. പങ്കിട്ട മൂല്യങ്ങളുടെയും സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യങ്ങളുടെയും പ്രതിഫലനം കൂടിയായിരുന്നു ഈ ആഘോഷം.

ഒക്ടോബര്‍ 12-ന് ലണ്ടനിലെ പ്രമുഖ ദീപാവലി ആഘോഷപരിപാടിയായ സ്‌ക്വയര്‍ 2025-ല്‍ പങ്കെടുക്കാനായി ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ ആളുകള്‍ ഒത്തുകൂടിയതിന്റെ ചിത്രങ്ങളാണ് അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പങ്കിട്ടത്. ആഘോഷം സംഘടിപ്പിക്കുന്നതിന്റെ അഭിമാനവും ആളുകളോടുള്ള നന്ദിയും അദ്ദേഹം പോസ്റ്റിലൂടെ അറിയിക്കുകയും ചെയ്തു.

ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. ഇത് ആഘോഷിക്കുന്നതിനായി ലണ്ടനില്‍ നൃത്തവും സംഗീതവും ഭക്ഷണവുമെല്ലാം ഉള്‍പ്പെടുത്തിയുള്ള പരിപാടികളാണ് സംഘടിപ്പിച്ചത്. പരമ്പരാഗത ദക്ഷിണേഷ്യന്‍ വസ്ത്രങ്ങള്‍ ധരിച്ച് 200 നര്‍ത്തകര്‍ അവതരിപ്പിച്ച ഉജ്ജ്വല പ്രകടനത്തോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. ക്ലാസിക്കല്‍, നാടോടി, ബോളിവുഡ് നൃത്തശൈലികള്‍ സംയോജിപ്പിച്ചായിരുന്നു പ്രകടനം.



ഇന്ത്യന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട് സാരിയും തലപ്പാവും കെട്ടല്‍, യോഗ, പാവകളി, കുട്ടികള്‍ക്കുള്ള സാംസ്‌കാരിക ക്വിസുകള്‍ തുടങ്ങി നിരവധി പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടായിരുന്നു. വിവിധ സ്റ്റാളുകളിലായി വ്യത്യസ്ഥ ഭക്ഷണ വിഭവങ്ങളും ആളുകള്‍ക്കായി ഒരുക്കിയിരുന്നു.

'ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ ഇന്ന് ദീപാവലി ആഘോഷത്തില്‍ പങ്കുചേരാനും ഇരുട്ടിനുമേല്‍ വെളിച്ചത്തിന്റെ വിജയം ആഘോഷിക്കാനും ഞങ്ങളോടൊപ്പം ചേര്‍ന്ന എല്ലാവര്‍ക്കും നന്ദി. ലണ്ടനിലെ ഹിന്ദു, സിഖ്, ജൈന സമൂഹങ്ങള്‍ക്ക് ഞാന്‍ വളരെ സന്തോഷകരമായ ദീപാവലി ആശംസിക്കുന്നു', സാദിഖ് ഖാന്‍ തന്റെ എക്‌സില്‍ കുറിച്ചു.
 
Other News in this category

 
 




 
Close Window