ലണ്ടന്‍: 2025-ലെ ബ്രിട്ടീഷ് അക്കാഡമി ബുക്ക് പ്രൈസിന് ഇന്ത്യന്‍ വംശജനായ സുനില്‍ അമൃതിന്റെ 'ബേണിങ് എര്‍ത്ത്: ആന്‍ എന്‍വയോണ്‍മെന്റല്‍ ഹിസ്റ്ററി ഓഫ് ദ ലാസ്റ്റ് 500 ഇയേഴ്സ്' അര്‍ഹമായി. ലോകത്തിലെ മികച്ച കഥേതര (നോണ്‍-ഫിക്ഷന്‍) കൃതിക്ക് നല്‍കുന്ന ഈ പുരസ്‌കാരത്തിന് 25,000 പൗണ്ടാണ് സമ്മാനത്തുക. ലണ്ടനിലെ ബ്രിട്ടീഷ് അക്കാഡമിയില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിക്കുകയും അമൃതിന് സമ്മാനിക്കുകയും ചെയ്തത്.
അമേരിക്കയിലെ യേല്‍ സര്‍വകലാശാലയിലെ ചരിത്ര അധ്യാപകനായ അമൃതിന്റെ ഈ കൃതി കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ബന്ധമായും വായിക്കേണ്ടതാണെന്ന് ജൂറി വിലയിരുത്തി. മനുഷ്യ ചരിത്രവും പരിസ്ഥിതിയുമായുള്ള ബന്ധം ആഴത്തില്‍ വിശകലനം ചെയ്യുന്ന കൃതിയാണ് 'ബേണിങ് എര്‍ത്ത്'. പരിസ്ഥിതിയും മനുഷ്യനും നേരിടുന്ന ദോഷങ്ങളും ബുദ്ധിമുട്ടുകളും വിശദമായി പ്രതിപാദിക്കുന്നതായും, രണ്ടും പരസ്പരം വേര്‍തിരിക്കാനാകാത്ത ഘടകങ്ങളാണെന്നും ജൂറി അധ്യക്ഷയും ബ്രിട്ടീഷ് ചരിത്രകാരിയുമായ പ്രൊഫസര്‍ റെബേക്ക ഏര്‍ലി ചൂണ്ടിക്കാട്ടി.
''ഇത് അതിമനോഹരവും വിശദവുമായ കൃതിയാണ്. ഇന്നത്തെ കാലാവസ്ഥ പ്രതിസന്ധിയുടെ ഉത്ഭവം മനസിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നിര്‍ബന്ധമായും വായിക്കേണ്ട പുസ്തകമാണ്,'' - റെബേക്ക പറഞ്ഞു. ആഗോള കാഴ്ചപ്പാടുകള്‍ മനുഷ്യ ചരിത്രത്തില്‍ പരിസ്ഥിതി ഉണ്ടാക്കിയ ആഘാതങ്ങളും, മനുഷ്യന്‍ പരിസ്ഥിതിയിലുണ്ടാക്കിയ മാറ്റങ്ങളും വെളിപ്പെടുത്തുന്ന കൃതിയാണിത്. ആറുപേരടങ്ങിയ ചുരുക്ക പട്ടികയില്‍ നിന്നും ഒരാളെ തെരഞ്ഞെടുക്കുന്നത് ഏറെ ശ്രമകരമായിരുന്നുവെന്നും, അമൃതിന്റെ കൃതി തീര്‍ച്ചയായും പുരസ്‌കാരത്തിന് അര്‍ഹമാണെന്നും ജൂറി വിലയിരുത്തി.
ദക്ഷിണേന്ത്യക്കാരായ മാതാപിതാക്കളുടെ മകനായി കെനിയയില്‍ ജനിച്ച അമൃത്, സിംഗപ്പൂരിലാണ് വളര്‍ന്നത്. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് പഠനങ്ങള്‍ നടത്തുകയാണ് അദ്ദേഹം. ''ബേണിങ് എര്‍ത്ത് പ്രതീക്ഷയില്ലാത്ത ഒരു കൃതിയായിരുന്നു. പലവട്ടം സ്വയം ചോദിച്ചിട്ടുണ്ടായിരുന്നു ഇതെങ്ങനെ എഴുതാമെന്ന്,'' - അമേരിക്കയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രതികരിച്ച അമൃത് പറഞ്ഞു.