Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5348 INR  1 EURO=110.0958 INR
ukmalayalampathram.com
Sun 14th Jun 2026
 
 
UK Special
  Add your Comment comment
സൗത്താളില്‍ ഇന്ത്യന്‍ യുവാവ് കുത്തേറ്റ് മരിച്ചു; ഏഴ് പേര്‍ അറസ്റ്റില്‍, അന്വേഷണം ഊര്‍ജിതം
reporter

ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ സൗത്താളില്‍ ഇന്ത്യന്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ മെട്രോപൊളിറ്റന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പഞ്ചാബിലെ തരണ്‍ തരണ്‍ ജില്ലയിലെ മെഹ്ദിപൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ഗുര്‍ഭേജ് സിങ് (26) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മുപ്പതുകളുടെ പ്രായമുള്ള മറ്റൊരു യുവാവിനും പരുക്കേറ്റു. ജൂണ്‍ 10ന് പുലര്‍ച്ചെ ഏകദേശം 12.30ഓടെയാണ് ലണ്ടനെ നടുക്കിയ സംഭവം നടന്നത്. സൗത്താളിലെ നോര്‍ത്ത് റോഡും ഡോര്‍മേഴ്സ് വെല്‍സ് ലെയ്നും തമ്മിലുള്ള ജങ്ഷനിലുള്ള ഒരു കടയ്ക്ക് പുറത്തുവച്ചാണ് ഗുര്‍ഭേജ് സിങ്ങിന് കുത്തേറ്റതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുത്തേറ്റതായുള്ള വിവരത്തെ തുടര്‍ന്ന് ലണ്ടന്‍ ആംബുലന്‍സ് സര്‍വീസും മെട്രോപൊളിറ്റന്‍ പൊലീസ് ഉദ്യോഗസ്ഥരും ഏകദേശം 12.41ഓടെ സംഭവസ്ഥലത്തെത്തി. സ്ഥലത്തെത്തിയ അടിയന്തര സേവന വിഭാഗങ്ങള്‍ ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ കണ്ടെത്തി. ഇവരില്‍ കുത്തേറ്റ നിലയില്‍ കണ്ടെത്തിയ ഗുര്‍ഭേജ് സിങ്ങിന്റെ ജീവന്‍ രക്ഷിക്കാന്‍ പാരാമെഡിക്കല്‍ ജീവനക്കാര്‍ പരമാവധി ശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പരുക്കേറ്റ രണ്ടാമത്തെ വ്യക്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു.

കൊലപാതകവുമായി ബന്ധപ്പെട്ട് 20നും 30നും ഇടയില്‍ പ്രായമുള്ള ഏഴ് പേരെ പൊലീസ് സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ആറുപേരെ തുടര്‍നടപടികളില്ലാതെ വിട്ടയച്ചു. ഒരാളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. മെറ്റ്‌സ് സ്‌പെഷലിസ്റ്റ് ക്രൈം കമാന്‍ഡിലെ ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ അലിസണ്‍ ഫോക്‌സ്വെല്ലിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഗുര്‍ഭേജ് സിങ്ങിന്റെ കുടുംബത്തെ സ്‌പെഷലിസ്റ്റ് ഓഫിസര്‍മാര്‍ പിന്തുണയ്ക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ''ഗുര്‍ഭേജ് സിങ്ങിന്റെ ദാരുണ മരണം സംബന്ധിച്ച അന്വേഷണം ഹോമിസൈഡ് ഡിറ്റക്ടീവുകള്‍ തുടരുകയാണ്. എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രിയപ്പെട്ടവരോടുമൊപ്പമാണ്. നോര്‍ത്ത് റോഡും ഡോര്‍മേഴ്സ് വെല്‍സ് ലെയ്നും തമ്മിലുള്ള ജങ്ഷനിലുള്ള ഒരു കടയ്ക്ക് പുറത്തുവച്ച് പുലര്‍ച്ചെ 12.30ഓടെയാണ് അദ്ദേഹം ആക്രമിക്കപ്പെട്ടതെന്നാണ് ഞങ്ങളുടെ നിഗമനം. ആ സമയത്ത് പ്രദേശത്ത് ഉണ്ടായിരുന്നവരും, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കൈവശമുള്ളവരും എത്രയും വേഗം മുന്നോട്ട് വന്ന് പൊലീസുമായി ബന്ധപ്പെടണം,'' അലിസണ്‍ ഫോക്‌സ്വെല്‍ അഭ്യര്‍ഥിച്ചു.

മികച്ചൊരു ജീവിതം സ്വപ്നം കണ്ടാണ് ഗുര്‍ഭേജ് സിങ് 2022ല്‍ ഇന്ത്യയില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയതെന്നാണ് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം വിദേശത്ത് ജീവിതം പടുത്തുയര്‍ത്താന്‍ ലണ്ടനിലെത്തിയ ഗുര്‍ഭേജ്, കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു. കര്‍ഷകനായ പിതാവ് മുക്ത്യാര്‍ സിങ്, കടം വാങ്ങിയും മറ്റ് മാര്‍ഗങ്ങളിലൂടെയും വലിയ തുക ചെലവഴിച്ചാണ് മകനെ യുകെയിലേക്ക് അയച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം, ഗുര്‍ഭേജ് സിങ്ങിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനും കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിനുമായി സുഹൃത്തുക്കളുടെയും പ്രവാസി കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ ധനസമാഹരണ ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. മൃതദേഹം എത്രയും വേഗം ജന്മനാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ അധികൃതരുടെ അടിയന്തര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ അഭ്യര്‍ഥനയും ഉന്നയിച്ചിട്ടുണ്ട്. സംഭവത്തിന്റെ യഥാര്‍ഥ സാഹചര്യം കണ്ടെത്തുന്നതിനും കുറ്റക്കാര്‍ക്കെതിരെ നടപടി ഉറപ്പാക്കുന്നതിനുമായി മെട്രോപൊളിറ്റന്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. വിവരങ്ങള്‍ കൈവശമുള്ളവര്‍ പൊലീസിനെയോ ക്രൈംസ്റ്റോപ്പേഴ്‌സിനെയോ സമീപിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window