ലണ്ടന്‍: വടക്കന്‍ അയര്‍ലന്‍ഡില്‍ പൊട്ടിപ്പുറപ്പെട്ട വംശീയ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍, യുകെയിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിസ്റ്റണ്‍, ഇമ്പിങ്ടന്‍, ഓര്‍ച്ചാര്‍ഡ് പാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള ഡിസ്ട്രിക്റ്റ് കൗണ്‍സിലര്‍ ജിയോ സെബാസ്റ്റ്യന്‍ രംഗത്തെത്തി. ജൂണ്‍ 8-ന് രാത്രിയുണ്ടായ കത്തിക്കുത്ത് സംഭവത്തിന് പിന്നാലെ, ജൂണ്‍ 9-ഓടെ ബെല്‍ഫാസ്റ്റില്‍ വ്യാപകമായ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുകയായിരുന്നു. വീടുകളും വാഹനങ്ങളും ഉള്‍പ്പെടെ അക്രമികള്‍ തീയിട്ടു നശിപ്പിച്ചതായും, കുടിയേറ്റക്കാരെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ലക്ഷ്യമിട്ടുള്ള ഭീഷണികളും ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമങ്ങളില്‍ നിരവധി പേര്‍ ഭവനരഹിതരാവുകയും പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
നിലവിലെ സാഹചര്യങ്ങള്‍ അതീവ ആശങ്കാജനകമാണെന്നും, ഈ ഘട്ടത്തില്‍ ഇന്ത്യന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസവും സുരക്ഷയും ഉറപ്പാക്കാന്‍ ഇടപെടുന്നത് തന്റെ കടമയാണെന്നും കൗണ്‍സിലര്‍ ജിയോ സെബാസ്റ്റ്യന്‍ വ്യക്തമാക്കി. ''ഇവര്‍ നമ്മുടെ നഴ്‌സുമാരാണ്. രോഗികള്‍ എവിടെ നിന്നുള്ളവരാണെന്ന് നോക്കാതെ, അവരുടെ പരിചരണത്തിനായി സ്വന്തം ജീവിതം സമര്‍പ്പിക്കുന്നവരാണ് അവര്‍. ജോലിക്ക് പോകുമ്പോഴും മടങ്ങുമ്പോഴും സുരക്ഷിതത്വബോധം ഉണ്ടാകുക എന്നത് അവരുടെ അവകാശമാണ്. നമ്മുടെ ഇന്ത്യന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഇവിടെ ഒറ്റയ്ക്കല്ല. അവര്‍ക്ക് മതിയായ സുരക്ഷയും പരിഗണനയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തൊഴിലുടമകളുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ട്,'' ജിയോ സെബാസ്റ്റ്യന്‍ പറഞ്ഞു.
വംശീയ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നേരിടുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ വിവിധ തൊഴിലുടമകളുമായും കമ്മ്യൂണിറ്റി നെറ്റ്വര്‍ക്കുകളുമായും കൗണ്‍സിലര്‍ തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ട്. യാത്രാസുരക്ഷ, ജോലി സ്ഥലങ്ങളിലെ സംരക്ഷണം, അടിയന്തര സാഹചര്യങ്ങളില്‍ സഹായം, മാനസിക പിന്തുണ തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കാനാണ് ശ്രമമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ബെല്‍ഫാസ്റ്റിലെ അക്രമങ്ങള്‍ക്ക് പിന്നാലെ ആരോഗ്യപ്രവര്‍ത്തകരെതിരെയും ഭീഷണിയും ഭീതിയും ഉണ്ടായതായി നഴ്‌സിങ് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചില ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായി ജോലിക്ക് എത്താനും മടങ്ങാനും തടസ്സം നേരിട്ടതായി റോയല്‍ കോളേജ് ഓഫ് നഴ്‌സിങ് വ്യക്തമാക്കി.
വിദേശത്തുനിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ഇല്ലാതെ യുകെയിലെ ആരോഗ്യസംരക്ഷണ സംവിധാനം സുഗമമായി മുന്നോട്ട് പോകാനാകില്ലെന്നത് അധികൃതരും ആരോഗ്യരംഗത്തെ പ്രമുഖരും ചൂണ്ടിക്കാട്ടുന്നു. അതിനാല്‍, രാജ്യാന്തര ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നത് ഒരു മാനുഷിക ബാധ്യത മാത്രമല്ല, ആരോഗ്യ സംവിധാനത്തിന്റെ നിലനില്‍പ്പിനും അത്യാവശ്യമാണെന്ന് അവര്‍ വ്യക്തമാക്കി. ബെല്‍ഫാസ്റ്റിലും ഗ്ലാസ്ഗോയിലുമായി ആയിരക്കണക്കിന് ആളുകള്‍ വംശീയതയ്ക്കെതിരെ റാലികളില്‍ പങ്കെടുത്തതും ശ്രദ്ധേയമായി. അക്രമങ്ങള്‍ക്കെതിരെ ശക്തമായ പൊതുജന ഐക്യദാര്‍ഢ്യം ഉയരുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി കൗണ്‍സിലര്‍ ജിയോ സെബാസ്റ്റ്യന്‍ രംഗത്തെത്തിയത്.