ലണ്ടന്‍: ബര്‍മിങ്ങാമില്‍ തെരുവോരത്ത് പാര്‍ക്ക് ചെയ്തിരുന്ന 40ലേറെ കാറുകളുടെ ചില്ലുകള്‍ ഇരുമ്പുദണ്ഡുകൊണ്ട് അടിച്ചുതകര്‍ത്ത സംഭവത്തില്‍ 28 വയസ്സുകാരന്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ബാല്‍സല്‍ ഹീത്തിലെ മോസ്ലി റോഡിലാണ് സംഭവം നടന്നത്. ഇരുമ്പുദണ്ഡുമായി ഒരാള്‍ വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുന്നതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുന്നിലെ വിന്‍ഡ്ഷീല്‍ഡ്, പിന്‍ഗ്ലാസ്, വശങ്ങളിലെ ചില്ലുകള്‍ എന്നിവയാണ് ഇയാള്‍ തകര്‍ത്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇരുമ്പുദണ്ഡുപയോഗിച്ച് തുടര്‍ച്ചയായി കാറുകളുടെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുന്ന പ്രതിയെയും, ഒരേസമയം നിരവധി വാഹനങ്ങളുടെ അലാറങ്ങള്‍ മുഴങ്ങുന്നതുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.