Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
തടവുകാരനുമായി ബന്ധം പുലര്‍ത്തിയെന്ന് ആരോപണം; ബ്രിട്ടനില്‍ മുന്‍ ജയില്‍ ഉദ്യോഗസ്ഥയ്‌ക്കെതിരെ ക്രിമിനല്‍ കേസ്
reporter

ലണ്ടന്‍: തടവുകാരനുമായി അനുചിതമായ ബന്ധം പുലര്‍ത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രിട്ടനിലെ സ്വകാര്യ ജയിലില്‍ ജോലി ചെയ്തിരുന്ന മുന്‍ ജയില്‍ ഉദ്യോഗസ്ഥയ്‌ക്കെതിരെ ക്രിമിനല്‍ കേസ്. നോര്‍ത്താംപ്ടന്‍ഷയറിലെ വെല്ലിങ്ബറോയില്‍ പ്രവര്‍ത്തിക്കുന്ന എച്ച്എംപി ഫൈവ് വെല്‍സ് ജയിലിലെ മുന്‍ ഉദ്യോഗസ്ഥയായ കൈറ ഡാന്‍സര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഔദ്യോഗിക പദവി ഉപയോഗിച്ച് തടവുശിക്ഷ അനുഭവിക്കുന്ന ഒരാളുമായി അനുചിതമായ ബന്ധം പുലര്‍ത്തിയെന്നാണ് പ്രധാന ആരോപണം. പൊതുസേവനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥയെന്ന നിലയില്‍ ജനങ്ങളുടെ വിശ്വാസം ദുരുപയോഗം ചെയ്തതായും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2024 മേയ് 29 മുതല്‍ നവംബര്‍ 9 വരെയും ജൂലൈ 11 മുതല്‍ നവംബര്‍ 9 വരെയും രണ്ട് വ്യത്യസ്ത കാലയളവുകളിലായാണ് കുറ്റകൃത്യങ്ങള്‍ നടന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുപദവിയിലെ വീഴ്ചയുമായി ബന്ധപ്പെട്ട രണ്ട് കുറ്റങ്ങളാണ് കൈറയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇതുകൂടാതെ, ജയിലിനുള്ളില്‍ നിന്ന് അനുമതിയില്ലാതെ ചിത്രങ്ങളോ ശബ്ദരേഖകളോ ഇലക്ട്രോണിക് മാര്‍ഗം പുറത്തേക്ക് അയച്ചെന്നാരോപിച്ച് പ്രിസണ്‍ ആക്ടിലെ സെക്ഷന്‍ 40ഡി പ്രകാരമുള്ള രണ്ട് കുറ്റങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 15, 22 തീയതികളിലാണ് ഈ സംഭവങ്ങള്‍ നടന്നതെന്നാണ് കേസ്. റഷ്ഡന്‍ സ്വദേശിനിയായ 23കാരി കൈറ ഡാന്‍സര്‍ ജൂണ്‍ 25ന് നോര്‍ത്താംപ്ടന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകും. നോര്‍ത്താംപ്ടന്‍ഷയറിലെ വെല്ലിങ്ബറോയില്‍ സ്ഥിതി ചെയ്യുന്ന എച്ച്എംപി ഫൈവ് വെല്‍സ് പുരുഷ തടവുകാര്‍ക്കായുള്ള കാറ്റഗറി-സി ജയിലാണ്. സ്വകാര്യ സുരക്ഷാ കമ്പനിയായ ജി4എസാണ് ജയിലിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്നത്. ശിക്ഷാകാലാവധി രണ്ട് വര്‍ഷമോ അതില്‍ താഴെയോ മാത്രം ബാക്കിയുള്ള തടവുകാരെയാണ് ഇവിടെ സാധാരണയായി പാര്‍പ്പിക്കുന്നത്. 253 ദശലക്ഷം പൗണ്ട് ചെലവില്‍ 2022ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഫൈവ് വെല്‍സ് ജയിലിനെ തുടക്കത്തില്‍ 'സൂപ്പര്‍ ജയില്‍' എന്നും ബ്രിട്ടനിലെ ഏറ്റവും ആധുനിക ജയിലുകളില്‍ ഒന്നെന്നും വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജയിലിന്റെ പ്രവര്‍ത്തനം രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. പിന്നീട് ചില മേഖലകളില്‍ പുരോഗതി കൈവരിച്ചതായി പരിശോധനാ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 
Other News in this category

 
 




 
Close Window