ലണ്ടന്‍/സറെ: യുകെയില്‍ സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട രണ്ട് യുവതികളെ അവരുടെ വീടുകളില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത കേസില്‍ ട്രെയിനി സര്ജന് 14 വര്‍ഷം തടവ്. സറെയിലെ റെഡ്ഹില്ലില്‍ താമസിച്ചിരുന്ന സലില്‍ കൊരമ്പയിലിനെയാണ് 34, ട്രൂറോ ക്രൗണ്‍ കോടതി ശിക്ഷിച്ചത്. ജഡ്ജി സൈമണ്‍ കാര്‍ ആണ് ശിക്ഷ വിധിച്ചത്. സലില്‍ കൊരമ്പയില്‍ മൂന്ന് ബലാത്സംഗക്കുറ്റങ്ങളില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. രണ്ട് ഇരകളുമായി ബന്ധപ്പെട്ട കേസുകളില്‍ ഏഴ് വര്‍ഷം വീതമാണ് ശിക്ഷ വിധിച്ചത്. ശിക്ഷകള്‍ തുടര്‍ച്ചയായി അനുഭവിക്കേണ്ടതിനാല്‍ പ്രതി ആകെ 14 വര്‍ഷം ജയിലില്‍ കഴിയണം. കൂടാതെ, പ്രതിയുടെ പേര് ജീവപര്യന്തം ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററില്‍ ഉള്‍പ്പെടുത്താനും കോടതി ഉത്തരവിട്ടു. 2016 മുതല്‍ 2021 വരെ യുകെയിലെ വിവിധ ആശുപത്രികളില്‍ കൊളോറക്ടല്‍, വാസ്കുലര്‍ വിഭാഗങ്ങളില്‍ ട്രെയിനി സര്‍ജനായി സലില്‍ ജോലി ചെയ്തിരുന്നതായി കോടതിയില്‍ അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതികളെയാണ് ഇയാള്‍ ലക്ഷ്യമിട്ടതെന്നും, പിന്നീട് അവരുടെ വീടുകളിലെത്തി അതിക്രമം നടത്തിയതായും പ്രോസിക്യൂഷന് വ്യക്തമാക്കി.
2023 നവംബറില്‍ നടന്ന ആദ്യ വിചാരണയിലും സലില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ പ്രതി അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് അപ്പീല്‍ കോടതി ശിക്ഷ റദ്ദാക്കി പുനര്‍വിചാരണയ്ക്ക് ഉത്തരവിട്ടു. പുനര്‍വിചാരണ പൂര്‍ത്തിയായതോടെയാണ് പ്രതിക്ക് വീണ്ടും ശിക്ഷ വിധിച്ചത്. റിപ്പോര്‍ട്ടിങ് നിയന്ത്രണങ്ങള്‍ നീക്കിയതിനെ തുടര്‍ന്ന് കേസിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുകയായിരുന്നു. 2020 ഓഗസ്റ്റില്‍ നോര്‍ത്ത് ഡെവണില്‍ ആദ്യ ഇരയെ ബലാത്സംഗം ചെയ്തതും, 2021 മാര്‍ച്ചില്‍ കോണ്‍വാളില്‍ രണ്ടാമത്തെ ഇരയ്ക്കെതിരെ രണ്ടുതവണ ലൈംഗികാതിക്രമം നടത്തിയതുമാണ് കേസിന് ആധാരം.
അപ്പീലും പുനര്‍വിചാരണയും തങ്ങളെ വീണ്ടും ഭീകരമായ ഓര്‍മ്മകളിലേക്ക് തള്ളിവിട്ടതായി ഇരകളില്‍ ഒരാള്‍ സമര്‍പ്പിച്ച പുതുക്കിയ വിക്ടിം ഇംപാക്റ്റ് സ്റ്റേറ്റ്മെന്റില്‍ വ്യക്തമാക്കി. ആദ്യ വിധിക്ക് ശേഷം ജീവിതം പതിയെ സാധാരണ നിലയിലേക്ക് മടങ്ങിത്തുടങ്ങിയിരുന്നുവെങ്കിലും, വീണ്ടും വിചാരണ നേരിടേണ്ടിവന്നത് കടുത്ത മാനസികാഘാതമുണ്ടാക്കിയതായി അവര്‍ പറഞ്ഞു. നീതി ലഭിച്ചതില്‍ ആശ്വാസമുണ്ടെന്നും അവര്‍ കോടതിയില്‍ അറിയിച്ചു. അഞ്ച് വര്‍ഷത്തോളം നീണ്ട അന്വേഷണത്തിലും നിയമനടപടികളിലും ഉറച്ചുനിന്ന ഇരകളെ ഡെവണ്‍ ആന്‍ഡ് കോര്ണ്വാള് പൊലീസ് അഭിനന്ദിച്ചു. രണ്ടുതവണ വിചാരണ നേരിടേണ്ടിവന്നിട്ടും പരാതിയില്‍ നിന്ന് പിന്മാറാതെ ധൈര്യം കാണിച്ച ഇരകളുടെ നിലപാട് മാതൃകാപരമാണെന്ന് അന്വേഷണത്തിന് നേതൃത്വം നല്കിയ ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ ഡാനിയല്‍ മാസി പറഞ്ഞു. ലൈംഗികാതിക്രമത്തിന് ഇരയാകുന്നവര്‍ ഭയപ്പെടാതെ പൊലീസിനെ സമീപിക്കണമെന്നും, ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പൊലീസ് പ്രതിജ്ഞാബദ്ധമാണെന്നും ഡെവണ്‍ ആന്‍ഡ് കോര്ണ്വാള് പൊലീസ് വ്യക്തമാക്കി.