ലെസ്റ്റര്‍: യുകെയില്‍ ഉപരിപഠനത്തിനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥിയെ താമസിച്ചിരുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയില്‍ തലമഡ്ല ഗ്രാമത്തില്‍ നിന്നുള്ള എസ്. ശ്രീനാഥ് റെഡ്ഡി എന്ന 25 കാരനാണ് മരിച്ചത്. 14 മാസം മുന്‍പാണ് ശ്രീനാഥ് ഉപരിപഠനത്തിനായി യുകെയിലെത്തിയതെന്ന് കുടുംബം അറിയിച്ചു. ലെസ്റ്ററിലെ ഡി മോണ്ട്ഫോര്ട്ട് സര്‍വകലാശാലയില്‍ മാസ്റ്റേഴ്സ് പഠനം നടത്തുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കിയത്. ജൂണ്‍ 22-നാണ് ശ്രീനാഥ് അവസാനമായി കുടുംബവുമായി സംസാരിച്ചത്. അന്നത്തെ സംഭാഷണത്തില്‍ യാതൊരു അസ്വാഭാവികതയും ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് പിതാവ് മധുസൂദന്‍ റെഡ്ഡി പറഞ്ഞു. അന്നിരാത്രി മകന് ഒരു ബര്‍ത്ത്ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തതായും അദ്ദേഹം വ്യക്തമാക്കി.
ജൂണ്‍ 23-ന് രാവിലെയാണ് റൂമേറ്റാണ് ശ്രീനാഥിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മരണവുമായി ബന്ധപ്പെട്ട് കുടുംബത്തിന് ഇതുവരെ വ്യക്തമായ ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല. സംഭവത്തിന്റെ യഥാര്‍ത്ഥ സാഹചര്യം വ്യക്തമാക്കണമെന്നും മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും കുടുംബം ആവശ്യപ്പെട്ടു. ശ്രീനാഥിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കുടുംബം അധികൃതരുടെ സഹായം തേടിയിട്ടുണ്ട്. ബ്രിട്ടീഷ് അധികൃതരുടെ അന്വേഷണത്തിലൂടെ മരണകാരണം സംബന്ധിച്ച വ്യക്തത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.