ലണ്ടന്‍: അടുത്ത മാസം നടത്താനിരുന്ന യുകെ സന്ദര്‍ശനത്തില്‍ ഭാര്യ മേഗന്‍ മാര്‍ക്കിളിനെയും മക്കളായ ആര്‍ച്ചിയെയും ലിലിബെറ്റിനെയും കൂടെ കൂട്ടുന്ന കാര്യത്തില്‍ ഹാരി രാജകുമാരന്‍ പുനരാലോചനയിലാണെന്ന് റിപ്പോര്‍ട്ട്. കുടുംബത്തിന് പൂര്‍ണമായും സര്‍ക്കാര്‍ ചെലവില്‍ പൊലീസ് സുരക്ഷ നല്‍കാനാവില്ലെന്ന തീരുമാനമാണ് ഹാരിയെ വീണ്ടും ആലോചിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം. നാലു വര്‍ഷത്തിനുശേഷം ആദ്യമായി കുടുംബസമേതം ബ്രിട്ടന്‍ സന്ദര്‍ശിക്കാനായിരുന്നു ഹാരിയുടെ പദ്ധതി. യാത്രയ്ക്കിടെ സര്‍ക്കാര്‍ ചെലവില്‍ പൊലീസ് സുരക്ഷ ലഭിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സംഘം ഔദ്യോഗികമായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ നികുതിദായകരുടെ പണത്തില്‍ സമഗ്ര സുരക്ഷ ഒരുക്കാനാവില്ലെന്ന നിലപാട് അധികൃതര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. യാത്രയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെയായിരുന്നു തീരുമാനം അറിയിച്ചതെന്നും ഇതില്‍ ഹാരി അതീവ നിരാശനാണെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്നിരുന്നാലും സുരക്ഷിതമായ രീതിയില്‍ യാത്ര നടത്താനുള്ള മറ്റു മാര്‍ഗങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിവരം.
രാജകുടുംബാംഗങ്ങളുടെയും വിഐപികളുടെയും സുരക്ഷാ ക്രമീകരണങ്ങള്‍ തീരുമാനിക്കുന്ന റോയല്‍ ആന്‍ഡ് വിഐപി എക്‌സിക്യൂട്ടീവ് കമ്മിറ്റി നടത്തിയ സുരക്ഷാ അവലോകനത്തിന്റെ ഫലത്തിനായി ഹാരിയുടെ സംഘം കാത്തിരിക്കുകയായിരുന്നു. രാജ്യത്തെ സുരക്ഷാ സംവിധാനം കര്‍ശനവും സാഹചര്യത്തിനനുസരിച്ചുള്ളതുമാണെന്നാണ് സര്‍ക്കാര്‍ വക്താവിന്റെ പ്രതികരണം. വ്യക്തികളുടെ സുരക്ഷയെ ബാധിക്കാവുന്നതിനാല്‍ സുരക്ഷാ ക്രമീകരണങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചാള്‍സ് രാജാവിന്റെ ക്ഷണം സ്വീകരിച്ച് ഹാരിയും മേഗനും രാജകീയ എസ്റ്റേറ്റില്‍ താമസിക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്ന് അവരുടെ വക്താക്കള്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ അത്തരം ക്ഷണം ഔദ്യോഗികമായി സ്വീകരിച്ചെന്ന സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് ബക്കിങ്ഹാം കൊട്ടാര വൃത്തങ്ങള്‍ പ്രതികരിച്ചു. രാജകീയ എസ്റ്റേറ്റില്‍ കഴിയുന്ന സമയത്ത് പൊലീസ് സുരക്ഷ ലഭിക്കുമെങ്കിലും, മറ്റ് സമയങ്ങളില്‍ സ്വകാര്യ സുരക്ഷാ സംഘത്തെയാണ് ഹാരിക്ക് ആശ്രയിക്കേണ്ടിവരിക.
ഏകദേശം അഞ്ച് ദിവസത്തെ സന്ദര്‍ശനമാണ് ആസൂത്രണം ചെയ്തിരുന്നത്. ലണ്ടനിലും മിഡ്ലാന്‍ഡ്‌സിലുമുള്ള പൊതുപരിപാടികളിലും അടുത്ത വര്‍ഷം ബര്‍മിങ്ഹാമില്‍ നടക്കുന്ന ഇന്‍വിക്ടസ് ഗെയിംസിന്റെ കൗണ്ട്ഡൗണ്‍ പരിപാടികളിലും പങ്കെടുക്കാനായിരുന്നു ഹാരിയുടെയും മേഗന്റെയും പദ്ധതി. യുകെ സന്ദര്‍ശനങ്ങളില്‍ സ്ഥിരം സര്‍ക്കാര്‍ പൊലീസ് സുരക്ഷ വേണമെന്ന ആവശ്യവുമായി ഹാരി നേരത്തെ നിയമപോരാട്ടം നടത്തിയിരുന്നെങ്കിലും അതില്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന്, നിലവിലെ സാഹചര്യത്തില്‍ ഭാര്യയെയും മക്കളെയും യുകെയിലേക്ക് കൊണ്ടുവരുന്നത് സുരക്ഷിതമല്ലെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചിരുന്നു. മേഗനും മക്കളും സന്ദര്‍ശനത്തില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് സൂചന.