ലിവര്‍പൂള്‍: സുഹൃത്തായ സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം മൂന്ന് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചെന്ന കേസില്‍ 65കാരനായ ജോര്‍ജ് ഗോര്‍ഡന്റെ വിചാരണ ആരംഭിച്ചു. 62കാരിയായ ഡെലിയ മക്ഇനേണിയുടെ മരണവുമായി ബന്ധപ്പെട്ട കേസാണ് ലിവര്‍പൂള്‍ ക്രൗണ്‍ കോടതി പരിഗണിക്കുന്നത്. ഗോര്‍ഡന്‍ കൊലപാതകക്കുറ്റം നിഷേധിച്ചിട്ടുണ്ട്. 2023 ഏപ്രിലിലാണ് ഡെലിയ കൊല്ലപ്പെട്ടതെന്നാണ് പ്രോസിക്യൂഷന്റെ വാദം. അഞ്ച് വളര്‍ത്തു ഗിനിപ്പന്നികളുമായി പോര്‍ച്ചുഗലിലേക്ക് താമസം മാറാന്‍ അവര്‍ പദ്ധതിയിട്ടിരുന്നു. 2026 ജനുവരി എട്ടിന് ഗോര്‍ഡന്റെ ഫ്‌ലാറ്റിലെ ഫ്രീസറില്‍നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ഡെലിയ മരിച്ചശേഷവും ജീവിച്ചിരിക്കുന്നുവെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ അവരുടെ പേരില്‍ സന്ദേശങ്ങളും ഇമെയിലുകളും അയച്ചതായി പ്രോസിക്യൂഷന്‍ ആരോപിച്ചു. ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് ആയിരക്കണക്കിന് പൗണ്ട് കൈക്കലാക്കിയതായും അവരുടെ പേരില്‍ വായ്പകളും ക്രെഡിറ്റ് കാര്‍ഡുകളും നേടിയതായും കോടതിയെ അറിയിച്ചു. 2025 ഡിസംബറില്‍ ഡെലിയയുടെ പെന്‍ഷന്‍ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാന്‍ ഗോര്‍ഡന്‍ ശ്രമിച്ചതോടെയാണ് അന്വേഷണത്തിന് വഴിതുറന്നത്. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഫ്‌ലാറ്റില്‍നിന്ന് കൊണ്ടുപോകുന്നതിനിടെ മൃതദേഹം ഫ്രീസറിലുണ്ടെന്ന് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ഡെലിയയുടെ മരണത്തിന് കാരണമായ ആക്രമണം നടത്തിയതായി സമ്മതിക്കുന്ന ഗോര്‍ഡന്‍, സ്വയരക്ഷയ്ക്കായാണ് പ്രവര്‍ത്തിച്ചതെന്നാണ് കോടതിയില്‍ വാദിക്കുന്നത്. വളര്‍ത്തുമൃഗങ്ങളോട് ക്രൂരത കാട്ടിയെന്ന കുറ്റവും ഇയാള്‍ നിഷേധിച്ചു. കേസില്‍ വിചാരണ തുടരുകയാണ്