ലണ്ടന്‍: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എബോള സ്ഥിരീകരിച്ച ബ്രിട്ടീഷ് ഡോക്ടറെ വിദഗ്ധ ചികിത്സയ്ക്കായി യുകെയിലെത്തിച്ചു. പ്രത്യേക മെഡിക്കല്‍ വിമാനത്തില്‍ കൊണ്ടുവന്ന ഡോക്ടറെ വടക്കന്‍ ലണ്ടനിലെ റോയല്‍ ഫ്രീ ആശുപത്രിയിലെ പ്രത്യേക സാംക്രമിക രോഗ ചികിത്സാ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. റോയല്‍ എയര്‍ഫോഴ്സിന്റെ നോര്‍ത്ത്‌ഹോള്‍ട്ട് വ്യോമതാവളത്തിലാണ് വിമാനം ഇറങ്ങിയത്. തുടര്‍ന്ന് അടിയന്തര വാഹനങ്ങളുടെ അകമ്പടിയോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ട് ആംബുലന്‍സുകളും പൊലീസ് വാഹനങ്ങളും സഹായവാഹനങ്ങളും സംഘത്തിലുണ്ടായിരുന്നു.
കോംഗോയിലെ നിലവിലെ എബോള വ്യാപനത്തിനിടെ ഒരു ബ്രിട്ടീഷ് പൗരന് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടനും കോംഗോയും അന്താരാഷ്ട്ര ആരോഗ്യ സംഘടനകളും ചേര്‍ന്ന് നടത്തിയ ഏകോപനത്തിലൂടെയാണ് ഡോക്ടറെ നാട്ടിലെത്തിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കൃത്യമായ നടപടിക്രമങ്ങള്‍ നിലവിലുണ്ടെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ പൊതുജനാരോഗ്യ പ്രതികരണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. രേണു ബിന്ദ്ര വ്യക്തമാക്കി. പൊതുജനങ്ങള്‍ക്ക് രോഗം പകരാനുള്ള സാധ്യത കുറവാണെന്നും അവര്‍ അറിയിച്ചു.