ലണ്ടന്‍: തൊഴില്‍ പരസ്യങ്ങളില്‍ ശമ്പളവിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. ഇക്കാര്യം നിര്‍ബന്ധമാക്കുന്ന നിയമം വരുന്നതുവരെ കാത്തിരിക്കാതെ കമ്പനികള്‍ ഇപ്പോള്‍തന്നെ നടപടി സ്വീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭ്യര്‍ഥന.
തൊഴില്‍ പരസ്യങ്ങളില്‍ ശമ്പളം വ്യക്തമാക്കുന്നത് നിര്‍ബന്ധമാക്കാനുള്ള നിയമനിര്‍മാണം കഴിയുന്നത്ര വേഗത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. തൊഴിലന്വേഷകര്‍ക്ക്, പ്രത്യേകിച്ച് ആദ്യമായി ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക്, തീരുമാനമെടുക്കാന്‍ ഈ മാറ്റം സഹായിക്കുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ശമ്പളവുമായി ബന്ധപ്പെട്ട വിവേചനങ്ങള്‍ കുറയ്ക്കാനും കൂടുതല്‍ സുതാര്യത ഉറപ്പാക്കാനും ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ നിര്‍ദേശത്തോട് ഒരു വ്യവസായ സംഘടന എതിര്‍പ്പ് പ്രകടിപ്പിച്ചു. ശമ്പളം നിശ്ചയിക്കുന്നത് സങ്കീര്‍ണമായ പ്രക്രിയയാണെന്നും തൊഴില്‍ പരസ്യങ്ങള്‍ക്ക് ഇത്തരത്തിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഉചിതമാകില്ലെന്നുമാണ് സംഘടനയുടെ നിലപാട്. സഹപ്രവര്‍ത്തകരുടെ ശമ്പളത്തെക്കുറിച്ച് അറിയാന്‍ ജീവനക്കാര്‍ക്ക് നിയമപരമായ അവകാശം വേണമെന്ന് യുകെയിലെ സമത്വ നിരീക്ഷണ സമിതി അഭിപ്രായപ്പെട്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് സര്‍ക്കാരിന്റെ നീക്കം. നിലവില്‍ ഇത്തരം വിവരങ്ങള്‍ ആവശ്യപ്പെട്ടുള്ള ജീവനക്കാരുടെ അഭ്യര്‍ഥനകള്‍ക്ക് തൊഴിലുടമകള്‍ മറുപടി നല്‍കേണ്ട നിര്‍ബന്ധമില്ല.