ലണ്ടന്‍: മിഡില്‍ ഈസ്റ്റ് സംഘര്‍ഷവും ഉയരുന്ന പണപ്പെരുപ്പ ഭീഷണിയും പശ്ചാത്തലമാക്കി ബ്രിട്ടനിലെ ജനങ്ങള്‍ വന്‍തോതില്‍ ചെലവ് ചുരുക്കി ജീവിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 16 മാസത്തിനിടയിലെ ഏറ്റവും വേഗത്തിലുള്ള ചെലവുചുരുക്കലാണ് ഏപ്രില്‍ മാസത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. യുകെയിലെ പ്രമുഖ ബാങ്കുകളിലൊന്നായ ബാര്‍ക്ലേസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രാജ്യത്തെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഇടപാടുകളുടെ ഏകദേശം 40 ശതമാനവും ബാര്ക്ലേസിലൂടെയാണ് നടക്കുന്നത്. കഴിഞ്ഞ മാസം കാര്‍ഡ് ഇടപാടുകളില്‍ 0.1 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2024 നവംബറിന് ശേഷമുള്ള ആദ്യ ഇടിവാണിത്. അത്യാവശ്യമല്ലാത്ത ചെലവുകള്‍ 0.3 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രാചെലവില്‍ 5.7 ശതമാനവും എയര്‍ലൈന്‍ ചെലവില്‍ 8.3 ശതമാനവും കുറവുണ്ടായി. ഭക്ഷണത്തിനും പാനീയങ്ങള്‍ക്കുമായി ചെലവഴിക്കുന്ന തുകയും ഗണ്യമായി താഴ്ന്നിട്ടുണ്ട്.
ജീവിതച്ചെലവ് ഉയരുന്ന സാഹചര്യത്തില്‍ കുടുംബങ്ങള്‍ പുറത്തുള്ള ചെലവുകള്‍ വെട്ടിക്കുറച്ച് കൂടുതല്‍ ലാഭിക്കാന്‍ ശ്രമിക്കുകയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ ഡിജിറ്റല്‍ കണ്ടന്റ്, സബ്സ്ക്രിപ്ഷന് സേവനങ്ങള്‍ എന്നിവയ്ക്കുള്ള ചെലവ് ഏപ്രിലില്‍ 9.2 ശതമാനം വര്‍ധിച്ചു. അതേസമയം ഇന്ധനച്ചെലവ് 10.4 ശതമാനം ഉയര്‍ന്നു. 2022 ഡിസംബറിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ധനയാണിത്. ഇറാന് സംഘര്‍ഷം ആഗോള എനര്‍ജി വിപണിയെയും വിതരണ ശൃംഖലയെയും ബാധിക്കുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളും ബിസിനസുകളും കടുത്ത സാമ്പത്തിക സമ്മര്‍ദത്തിന് തയ്യാറെടുക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഉയര്‍ന്ന പണപ്പെരുപ്പം യുകെയ്ക്ക് ഒഴിവാക്കാനാവില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശരാശരി എനര്‍ജി ബില്ലുകള്‍ 16 ശതമാനം വരെ ഉയരാനിടയുണ്ടെന്നും ഭക്ഷ്യവില വര്‍ഷാവസാനത്തോടെ 7 ശതമാനം വരെ വര്‍ധിക്കാമെന്നും ബാങ്ക് മുന്നറിയിപ്പില്‍ പറയുന്നു.