ലണ്ടന്‍: ഉയര്‍ന്ന നികുതി ഭാരം കാരണം കോടീശ്വരന്മാര് ബ്രിട്ടന് വിടുകയാണെന്ന ചര്‍ച്ചകള്‍ക്കിടെ, പുതിയ സര്‍വേയില്‍ വ്യത്യസ്ത ചിത്രം. യുകെയില്‍ ജീവിക്കുന്നതില്‍ അഭിമാനമുണ്ടെന്നും രാജ്യത്തിന്റെ പുരോഗതിക്കായി കൂടുതല്‍ നികുതി നല്കാന് തയ്യാറാണെന്നും ഭൂരിഭാഗം സമ്പന്നരും വ്യക്തമാക്കുന്നു. സമ്പന്നരുടെ കൂട്ടായ്മയായ Patriotic Millionaires UK നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. സര്‍വേയില്‍ പങ്കെടുത്തവരില്‍ 88 ശതമാനം പേരും യുകെയില്‍ ജീവിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് വ്യക്തമാക്കി. അടിസ്ഥാന സൗകര്യങ്ങളും പൊതുസേവനങ്ങളും മെച്ചപ്പെടുത്താന്‍ കൂടുതല്‍ നികുതി നല്കാന് തയ്യാറാണെന്ന് 75 ശതമാനം പേരും അഭിപ്രായപ്പെട്ടു. അതേസമയം അത്യന്തം സമ്പന്നരായവരുടെ സ്വത്തിനും മൂലധനത്തിനും കൂടുതല്‍ നികുതി ഏര്‍പ്പെടുത്തി സാധാരണ ജനങ്ങളുടെ നികുതി ഭാരം കുറയ്ക്കണമെന്നാണ് 64 ശതമാനം പേരുടെ നിലപാട്.
രാജ്യം വിടാന്‍ കൂടുതല്‍ സാധ്യതയുള്ളവര്‍ ആരെന്ന ചോദ്യത്തിന് 43 ശതമാനം പേരും ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുമാണെന്ന് അഭിപ്രായപ്പെട്ടു. കോടീശ്വരന്മാര് രാജ്യം വിടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചത് വെറും 9 ശതമാനം പേര് മാത്രമാണ്. സംഗീതജ്ഞന് Brian Eno, യൂട്യൂബറും മുന്‍ ഫിനാന്‍ഷ്യല്‍ ട്രേഡറുമായ Gary Stevenosn എന്നിവര്‍ ഈ സംഘടനയിലെ അംഗങ്ങളാണ്. അതേസമയം, ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2024ല്‍ 4,000ത്തിലധികം ഡോക്ടര്‍മാര്‍ വിദേശത്തേക്ക് ജോലി തേടി പോയിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. ആരോഗ്യ മേഖലയിലെ ഡോക്ടര്‍മാരുടെ കുറവ് യുകെയ്ക്ക് വലിയ വെല്ലുവിളിയായി മാറുകയാണെന്നാണ് വിലയിരുത്തല്‍.