ഹേഗ്: രാജ്യാന്തര ക്രിമിനല്‍ കോടതിയായ International Criminal Court (ഐസിസി) യിലെ ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് മാസങ്ങളോളം രഹസ്യ നിരീക്ഷണം നടത്തിയതായി ഗുരുതര വെളിപ്പെടുത്തല്‍. മുന്‍ ചീഫ് പ്രോസിക്യൂട്ടറായ Karim Khan നെതിരായ ലൈംഗികാരോപണ പരാതി അട്ടിമറിക്കാനാണ് ചാരപ്രവര്‍ത്തനം നടന്നതെന്നാണ് ഡച്ച് സുരക്ഷാ ഏജന്‍സികളുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഹേഗ് ആസ്ഥാനമായ ഐസിസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, അവരുടെ മക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ സ്വകാര്യ വിവരങ്ങളാണ് ലണ്ടനിലെ രണ്ട് സ്വകാര്യ ഇന്റലിജന്‍സ് ഏജന്‍സികള്‍ ശേഖരിച്ചതെന്നാണ് റിപ്പോര്‍ട്ട്. 2024 തുടക്കത്തില്‍ കരീം ഖാനെതിരെ ലൈംഗിക അതിക്രമ പരാതി നല്കിയ 38കാരിയായ അഭിഭാഷകയായിരുന്നു പ്രധാന ലക്ഷ്യം.
പരാതിക്കാരിയുമായി ബന്ധമുള്ള മറ്റ് കോടതി ജീവനക്കാരെയും നിരീക്ഷിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍. പരാതിക്കാരിക്ക് Mossad യുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കാനായിരുന്നു പ്രധാന ശ്രമമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനും പരാതിക്കാരിയെ വ്യക്തിഹത്യ ചെയ്യാനുമാണ് വിവരശേഖരണം നടത്തിയതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. സംഭവത്തില്‍ ഡച്ച് പൊലീസും ഇന്റലിജന്‍സ് ഏജന്‍സികളും ക്രിമിനല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. The Guardian, The Wall Street Journal തുടങ്ങിയ മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരു വിദേശ രാജ്യത്തിന്റെ നയതന്ത്ര വിഭാഗമാണ് ലണ്ടന്‍ ഏജന്‍സികള്‍ക്ക് ധനസഹായം നല്‍കിയതെന്ന സംശയവും ഉയരുന്നുണ്ട്. Qatar സര്‍ക്കാരിന്റെ പങ്കിനെക്കുറിച്ചും ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും അവര്‍ അത് നിഷേധിച്ചു.
കരീം ഖാന്റെ അറിവോടെയാണോ നീക്കങ്ങള്‍ നടന്നതെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ആരോപണങ്ങള്‍ തള്ളി. Benjamin Netanyahu നെതിരെ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് കോടതിക്കുള്ളില്‍ അസ്വാഭാവിക നീക്കങ്ങള്‍ ശക്തമായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വംശഹത്യ, യുദ്ധക്കുറ്റങ്ങള്‍, മനുഷ്യവിരുദ്ധ കുറ്റങ്ങള്‍ എന്നിവ അന്വേഷിക്കുന്ന ലോകത്തിലെ ഏക സ്ഥിര അന്താരാഷ്ട്ര കോടതിയാണ് ഐസിസി. അതീവ രഹസ്യ സ്വഭാവമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരെ ലക്ഷ്യമിട്ടുള്ള ചാരപ്രവര്‍ത്തനം കോടതിയുടെ വിശ്വാസ്യതയെ ബാധിക്കുന്നതാണെന്നാണ് നിരീക്ഷണം. ലൈംഗികാരോപണത്തെ തുടര്‍ന്ന് 2025 മേയ് മുതല്‍ കരീം ഖാന് ഔദ്യോഗിക ചുമതലകളില്‍ നിന്ന് അവധിയിലാണ്. ഇതിനിടെ മറ്റൊരു യുവതിയും സമാന പരാതിയുമായി രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ജൂണ്‍ എട്ടിന് ഐസിസി നിര്‍ണായക തീരുമാനം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. കരീം ഖാന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ 125 അംഗരാജ്യങ്ങളുടെ വോട്ടെടുപ്പിലൂടെ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കാനുള്ള നടപടികള്‍ക്ക് സാധ്യതയുണ്ട്. സ്വന്തം ജീവനക്കാര്‍ക്കെതിരെ ഇത്തരത്തിലുള്ള ഇടപെടലുകള്‍ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ഐസിസി വക്താക്കള്‍ അറിയിച്ചു.