ലണ്ടന്‍: ബ്രിട്ടനിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ Reform UK വന്‍ മുന്നേറ്റം നടത്തിയപ്പോഴും സീറ്റ് നിലനിര്‍ത്തി മലയാളി യുവാവ്. തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ നിഖില്‍ ഷെറിന്‍ തമ്പിയാണ് ലണ്ടനിലെ ക്രോയ്ഡണ്‍ ബോറോ കൗണ്‍സിലിലെ കൂള്‍സ്ഡണ്‍ ടൗണ്‍ വാര്‍ഡില്‍ നിന്ന് രണ്ടാം തവണയും കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യം ഭരിക്കുന്ന Labour Party കനത്ത തിരിച്ചടി നേരിട്ട തെരഞ്ഞെടുപ്പില്‍, റിഫോം യുകെ 1450 സീറ്റുകള്‍ നേടി മുന്നേറ്റം നടത്തി. ലേബര്‍ പാര്‍ട്ടി 1064 സീറ്റില്‍ നിന്ന് 804ലേക്ക് ചുരുങ്ങി. 136 കൗണ്‍സിലുകളിലായി 5034 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
റിഫോം യുകെ തരംഗത്തിനിടയിലും സീറ്റ് നിലനിര്‍ത്താന്‍ സാധിച്ച ഏതാനും Conservative Party കൗണ്‍സിലര്‍മാരില്‍ ഒരാളാണ് നിഖില്‍. 2022ലാണ് അദ്ദേഹം ആദ്യമായി കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം തവണയും വിജയിച്ചതോടെ പ്രദേശവാസികള്‍ക്കിടയിലെ അദ്ദേഹത്തിന്റെ സ്വാധീനം വീണ്ടും തെളിഞ്ഞു. എറണാകുളം മോഡല്‍ എന്‍ജിനീയറിംഗ് കോളേജില്‍ നിന്ന് ബി.ടെക് പൂര്‍ത്തിയാക്കിയ ശേഷം 2010ലാണ് നിഖില്‍ ഉപരിപഠനത്തിനായി യുകെയിലെത്തിയത്. നിലവില്‍ Philips കമ്പനിയില്‍ സീനിയര്‍ ഇന്റഗ്രേഷന്‍ സ്‌പെഷ്യലിസ്റ്റായി ജോലി ചെയ്യുകയാണ്. ഭാര്യ നിവേദ ഗീത മനോഹര്‍ ബ്രിട്ടനിലെ എന്‍എച്ച്എസില്‍ ഉദ്യോഗസ്ഥയാണ്.
ലോക്കല്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ചെയര്‍മാനെന്ന നിലയിലെ പ്രവര്‍ത്തനങ്ങളും പള്ളിയിലെയും മറ്റ് പ്രാദേശിക കൂട്ടായ്മകളിലെയും സജീവ ഇടപെടലുകളുമാണ് നിഖിലിനെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചത്. വെള്ളക്കാര്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശത്ത് വിശ്വാസം നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചതാണ് വിജയത്തിന് പിന്നിലെ പ്രധാന ഘടകമെന്നാണ് വിലയിരുത്തല്‍. അതേസമയം ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തെക്കുറിച്ച് നിഖില്‍ മുന്നറിയിപ്പും നല്‍കുന്നുണ്ട്. ''കൃത്യമായ സാമ്പത്തിക സുരക്ഷയും പ്ലാനിംഗും ഇല്ലാതെ യുകെയിലേക്ക് വരുന്നത് അപകടകരമാണ്. ലോണ്‍ എടുത്ത് എത്തുന്നവര്‍ വലിയ പ്രതിസന്ധികള്‍ നേരിടുന്നുണ്ട്,'' എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. 2021ന് ശേഷം നിയമപരമായി ബ്രിട്ടനിലെത്തിയവര്‍ക്കുപോലും കുടിയേറ്റ വിരുദ്ധ വികാരങ്ങളുടെ ആഘാതം നേരിടേണ്ടിവരുന്നുണ്ടെന്നും നിഖില്‍ ചൂണ്ടിക്കാട്ടി. 2017ലാണ് നിഖിലും ഭാര്യയും ചേര്‍ന്ന് കോള്‍ഡ്‌സണില്‍ വീട് സ്വന്തമാക്കിയത്.