ലണ്ടന്‍: ലോകത്തിന് മുന്നില്‍ സാങ്കേതിക അത്ഭുതമായി അവതരിപ്പിച്ച സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ ഇപ്പോള്‍ ലണ്ടനിലെ ഒരു ജനവാസ മേഖലയ്ക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. Waymo യുടെ സ്വയം നിയന്ത്രിത വാഹനങ്ങളാണ് കിഴക്കന്‍ ലണ്ടനിലെ ഇടുങ്ങിയ തെരുവില്‍ കുടുങ്ങി പരിസരവാസികളെ ബുദ്ധിമുട്ടിക്കുന്നത്. Alphabet Inc. ന്റെ ഉടമസ്ഥതയിലുള്ള വെയ്മോ വാഹനങ്ങളാണ് ഷോര്‍ഡിച്ച് മേഖലയിലെ എല്‍ഡര്‍ സ്ട്രീറ്റില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഒരു വശം അടഞ്ഞ 'കള്‍-ഡി-സാക്' തെരുവിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ മുന്നോട്ടുപോകാന്‍ കഴിയാതെ കുടുങ്ങുകയാണ്. വഴി അവസാനിക്കുന്നുവെന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ അവഗണിച്ച് തെരുവിലേക്ക് കടക്കുന്ന കാറുകള്‍ പിന്നീട് റിവേഴ്‌സ് എടുത്ത് പുറത്തുവരാന്‍ ശ്രമിക്കുമ്പോഴാണ് പ്രധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ഇടുങ്ങിയ റോഡായതിനാല്‍ വാഹനങ്ങള്‍ക്ക് തിരിഞ്ഞുപോകാന്‍ സാധിക്കാത്ത അവസ്ഥയാണ്.
കിലോമീറ്ററുകളോളം റിവേഴ്‌സ് എടുക്കുന്നതിനിടെ വാഹനങ്ങളില്‍ നിന്ന് മുഴങ്ങുന്ന ശക്തമായ അലാറം ശബ്ദം നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണെന്ന് പരാതിയുണ്ട്. പുലര്‍ച്ചെ നാലുമണിയോടുകൂടിയും അലാറം മുഴങ്ങുന്നത് കുട്ടികളെയും പ്രായമായവരെയും ബുദ്ധിമുട്ടിലാക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. ബ്രിട്ടീഷ് നിയമപ്രകാരം പരീക്ഷണ ഓട്ടത്തിനിടെ ഡ്രൈവര്‍ സീറ്റില്‍ ഒരാള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ശബ്ദശല്യം സംബന്ധിച്ച് ചോദ്യം ചെയ്ത പ്രദേശവാസിയായ ജെന്നി ബ്ലാക്കിന് ഒരു ഡ്രൈവര്‍ നല്‍കിയ മറുപടിയും ശ്രദ്ധേയമായി. ''കാര്‍ സ്വയം പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പിഴവുകള്‍ നിരീക്ഷിക്കാനാണ് ഞാന്‍ ഇരിക്കുന്നത്. ഇന്ന് എന്റെ ആദ്യ ദിവസമാണ്,'' എന്നായിരുന്നു മറുപടി. പ്രദേശവാസികളായ ക്രിസ് ലോയ്ഡും മറ്റ് ചിലരും വാഹനങ്ങള്‍ കുടുങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. കാറുകളിലെ സെന്‍സറുകള്‍ക്ക് മുന്നിലുള്ള തടസ്സങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നാണ് നാട്ടുകാരുടെ ചോദ്യം.
വിവാദം ശക്തമായതോടെ വെയ്മോ കമ്പനി വിശദീകരണവുമായി രംഗത്തെത്തി. ലണ്ടനിലെ റോഡുകളില്‍ സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് വാഹനങ്ങള്‍ ഓടിക്കുന്നതെന്നും പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ എല്‍ഡര്‍ സ്ട്രീറ്റിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിയന്ത്രിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ബ്രിട്ടനില്‍ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഈ സാങ്കേതിക പിഴവ് പുറത്തുവന്നത്. സംഭവം കമ്പനിയെ പ്രതിരോധത്തിലാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.