ലണ്ടന്‍: സ്റ്റഡി വിസയില്‍ യുകെയിലെത്തി പിന്നീട് അഭയാര്‍ഥിത്വം തേടുകയോ അനധികൃതമായി ജോലി ചെയ്യുകയോ ചെയ്യുന്ന സംഭവങ്ങള്‍ തടയാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കര്‍ശന നടപടികള്‍ക്ക് ഒരുങ്ങുന്നു. വിദേശ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക്, മോശം എന്റോള്‍മെന്റ് രേഖ, ഉയര്‍ന്ന വിസ നിരസിക്കല്‍ നിരക്ക് തുടങ്ങിയവ കൂടുതലാണെന്ന് കണ്ടെത്തുന്ന യൂണിവേഴ്സിറ്റികള്‍ക്ക് അന്താരാഷ്ട്ര വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യാനുള്ള അവകാശം നഷ്ടമായേക്കും. പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമങ്ങള്‍ പ്രകാരം ഹോം ഓഫീസ് യൂണിവേഴ്സിറ്റികളെ ''ട്രാഫിക് ലൈറ്റ്'' റാങ്കിംഗ് സംവിധാനത്തിലൂടെ വിലയിരുത്തും. അടുത്ത വേനല്‍ക്കാലം മുതല്‍ മോശം പ്രകടനം കാഴ്ചവെക്കുന്ന സ്ഥാപനങ്ങള്‍ക്ക് റെഡ് റേറ്റിംഗ് നല്‍കും. അത്തരത്തിലുള്ള യൂണിവേഴ്സിറ്റികള്‍ക്ക് വിദേശ വിദ്യാര്‍ഥികളുടെ റിക്രൂട്ട്മെന്റില്‍ നിയന്ത്രണം നേരിടേണ്ടിവരും. കൂടാതെ 12 മാസത്തെ മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ ചെലവും സ്ഥാപനങ്ങള്‍ തന്നെ വഹിക്കേണ്ടിവരും.
നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്ത സ്ഥാപനങ്ങള്‍ക്ക് ഒടുവില്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികളെ ചേര്‍ക്കാനുള്ള സ്പോണ്സര് ലൈസന്‍സ് നഷ്ടമാകാനും സാധ്യതയുണ്ട്. പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ കുറഞ്ഞത് 95 ശതമാനം എന്റോള്‍മെന്റ് നിരക്കും 90 ശതമാനം കോഴ്സ് പൂര്‍ത്തീകരണ നിരക്കും യൂണിവേഴ്സിറ്റികള്‍ നിലനിര്‍ത്തേണ്ടിവരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുകെയില്‍ നിയമപരമായി സ്റ്റഡി വിസ നേടി എത്തുന്ന ചിലര്‍ പിന്നീട് അഭയാര്‍ഥിത്വം തേടുന്നത് ഹോം ഓഫീസിന് വലിയ വെല്ലുവിളിയായി മാറിയതിനെ തുടര്‍ന്നാണ് നടപടി. പഠന, ജോലി, ടൂറിസ്റ്റ് വിസകളില്‍ എത്തിയവരില്‍ നിന്നുള്ള അഭയാര്‍ഥി അപേക്ഷകള്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് മൂന്നിരട്ടിയിലധികം വര്‍ധിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. വിദേശ വിദ്യാര്‍ഥികളില്‍ നിന്നുള്ള അഭയാര്‍ഥി അപേക്ഷകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 30 ശതമാനം കുറഞ്ഞതായും സര്‍ക്കാര്‍ അവകാശപ്പെടുന്നു.
''യഥാര്‍ഥ വിദ്യാര്‍ഥികളെ യുകെ സ്വാഗതം ചെയ്യും. എന്നാല്‍ വിസാ സംവിധാനം ദുരുപയോഗം ചെയ്ത് അഭയാര്‍ഥിത്വം തേടുകയോ അനധികൃതമായി ജോലി ചെയ്യുകയോ ചെയ്യുന്നത് അനുവദിക്കില്ല,'' എന്ന് ഹോം ഓഫീസ് മന്ത്രി മൈക്ക് ടാപ്പ് വ്യക്തമാക്കി. ബ്രിട്ടീഷ് വിദ്യാര്‍ഥികളേക്കാള്‍ ഉയര്‍ന്ന ഫീസ് അടയ്ക്കുന്ന വിദേശ വിദ്യാര്‍ഥികളില്‍ നിരവധി യുകെ യൂണിവേഴ്സിറ്റികള്‍ സാമ്പത്തികമായി ആശ്രയിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. അതിനാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ യൂണിവേഴ്സിറ്റികളുടെ വരുമാനത്തെയും അന്താരാഷ്ട്ര റിക്രൂട്ട്മെന്റ് തന്ത്രങ്ങളെയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍.