Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6143 INR  1 EURO=109.4092 INR
ukmalayalampathram.com
Mon 08th Jun 2026
 
 
UK Special
  Add your Comment comment
സ്റ്റുഡന്റ് വിസ ദുരുപയോഗം: നിയമം പാലിക്കാത്ത യുകെ സര്‍വകലാശാലകള്‍ക്ക് വിദേശ വിദ്യാര്‍ഥി റിക്രൂട്ട്‌മെന്റില്‍ നിയന്ത്രണം
reporter

ലണ്ടന്‍: സ്റ്റുഡന്റ് വിസ ദുരുപയോഗം തടയാന്‍ സര്‍വകലാശാലകള്‍ക്കെതിരായ നടപടി കര്‍ശനമാക്കി യുകെയിലെ ലേബര്‍ സര്‍ക്കാര്‍. വിദേശ വിദ്യാര്‍ഥികളെ ഉത്തരവാദിത്തത്തോടെ റിക്രൂട്ട് ചെയ്യുന്നതില്‍ പരാജയപ്പെടുന്ന സര്‍വകലാശാലകള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് അവകാശത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഗുരുതരമായ വീഴ്ച തുടരുകയാണെങ്കില്‍, അന്താരാഷ്ട്ര വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യാനുള്ള അവകാശം തന്നെ നഷ്ടപ്പെടാനും സാധ്യതയുണ്ട്. പഠനം, ജോലി, ടൂറിസ്റ്റ് വിസകള്‍ വഴി യുകെയിലെത്തിയ ശേഷം അസൈലം ക്ലെയിം ചെയ്യുന്നവരുടെ എണ്ണം മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഗണ്യമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. സര്‍ക്കാര്‍ സ്വീകരിച്ച കര്‍ശന ഇടപെടലുകള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം സ്റ്റുഡന്റ് അസൈലം ക്ലെയിമുകള്‍ 30 ശതമാനം കുറഞ്ഞതായി ഹോം ഓഫീസ് വ്യക്തമാക്കി.

പുതിയ നിബന്ധനകള്‍ പ്രകാരം സര്‍വകലാശാലകള്‍ പാലിക്കേണ്ട പ്രധാന മാനദണ്ഡങ്ങള്‍ ഇവയാണ്: വിസ നിരസിക്കല്‍ നിരക്ക് 5 ശതമാനത്തില്‍ താഴെയായിരിക്കണം; കോഴ്സ് എന്റോള്‍മെന്റ് നിരക്ക് കുറഞ്ഞത് 95 ശതമാനമാകണം; കോഴ്സ് പൂര്‍ത്തീകരണ നിരക്ക് കുറഞ്ഞത് 90 ശതമാനമാകണം. മുന്‍പ് ഇവ യഥാക്രമം 10 ശതമാനം, 90 ശതമാനം, 85 ശതമാനം എന്ന നിലയിലായിരുന്നു. 2027 വേനല്‍ക്കാലം മുതല്‍ സര്‍വകലാശാലകള്‍ക്കായി പുതിയ 'ട്രാഫിക് ലൈറ്റ്' റേറ്റിങ് സംവിധാനം നടപ്പാക്കും. റെഡ് റേറ്റിങ് ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്യാവുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കടുത്ത നിയന്ത്രണം വരും. കൂടാതെ 12 മാസത്തെ മെച്ചപ്പെടുത്തല്‍ പദ്ധതി സ്വന്തം ചെലവില്‍ നടപ്പാക്കേണ്ടി വരും. മെച്ചപ്പെടുത്തല്‍ ഉണ്ടായില്ലെങ്കില്‍ സ്‌പോണ്‍സര്‍ഷിപ്പ് അവകാശം പൂര്‍ണമായി നഷ്ടപ്പെടാനും സാധ്യതയുണ്ട്.

അഫ്ഗാനിസ്ഥാന്‍, കാമറൂണ്‍, മ്യാന്‍മര്‍, സുഡാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള സ്റ്റുഡന്റ് വിസകളില്‍ നേരത്തെ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കുന്നതിന് മുന്‍പോ ശേഷമോ അസൈലം ക്ലെയിമുകള്‍ കൂടുതലായി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍ ഈ നിയന്ത്രണത്തിനെതിരെ ചില വിദ്യാര്‍ഥികള്‍ നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്. ''യുകെ യഥാര്‍ഥ അന്താരാഷ്ട്ര വിദ്യാര്‍ഥികളെ എന്നും സ്വാഗതം ചെയ്യും. നമ്മുടെ സര്‍വകലാശാലകള്‍ ലോകമെമ്പാടും പ്രശംസിക്കപ്പെടുന്നവയാണ്. എന്നാല്‍ വിസ സംവിധാനം അസൈലം ക്ലെയിമുകള്‍ക്കും നിയമവിരുദ്ധ ജോലിക്കും പിന്‍വാതിലായി ഉപയോഗിക്കാന്‍ അനുവദിക്കില്ല,'' എന്ന് മൈഗ്രേഷന്‍ ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് മന്ത്രി മൈക്ക് ടാപ്പ് പറഞ്ഞു. മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്സിറ്റിയില്‍ വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ മാല്‍ക്കം പ്രസ്സും Universities UK പ്രതിനിധികളും പങ്കെടുത്ത പരിപാടിയിലാണ് പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. സ്റ്റുഡന്റ് വിസ സംവിധാനം ദുരുപയോഗം ചെയ്യുന്നവര്‍ക്കും ഉത്തരവാദിത്തമില്ലാതെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും ഇനി കടുത്ത പരിശോധന നേരിടേണ്ടിവരുമെന്നതാണ് സര്‍ക്കാരിന്റെ വ്യക്തമായ സന്ദേശം.

 
Other News in this category

 
 




 
Close Window