ലണ്ടന്‍: വിവാഹം കഴിഞ്ഞാല്‍ ഭര്‍ത്താവും ഭാര്യയും ഒരേ മുറിയിലാവണം കിടന്നുറങ്ങുന്നത്. അങ്ങനെയാണ് നമ്മുടെ നാട്ടിലെ ഒരു ചിന്താ?ഗതി. നമ്മുടെ നാട്ടില്‍ മാത്രമല്ല, മിക്ക സ്ഥലത്തും അങ്ങനെ തന്നെയാണ്. ഭര്‍ത്താവും ഭാര്യയും രണ്ട് മുറികളില്‍ ഉറങ്ങാന്‍ തുടങ്ങിയാല്‍ വിവാഹജീവിതം തകരാന്‍ പോകുന്നു എന്നാണ് പലരും കരുതുന്നത്. എന്നാല്‍, അത് അങ്ങനെയല്ല എന്നാണ് ഈ യുവതി പറയുന്നത്. മാത്രമല്ല, 14 വര്‍ഷം നീണ്ടുനിന്ന തങ്ങളുടെ ഈ ബന്ധം തകരാതിരിക്കാന്‍ കാരണം പോലുമായിട്ടുണ്ട് ഈ രണ്ട് മുറിയില്‍ ഉറങ്ങുന്ന ശീലം എന്നാണ് അവര്‍ പറയുന്നത്.
ബ്രിട്ടീഷ് എഴുത്തുകാരിയും പോഡ്കാസ്റ്ററുമായ സോഫി പലുച്ച് ആണ് താനും ഭര്‍ത്താവും രണ്ട് മുറിയിലാണ് ഉറങ്ങുന്നത് എന്ന് പറയുന്നത്. പലരും ഇത് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കാറുണ്ട് എന്നും സോഫി പറയുന്നുണ്ട്. എന്നാല്‍, രണ്ട് മുറികളിലായി ഉറങ്ങുന്നത് തങ്ങളുടെ ഉറക്കം തന്നെ മെച്ചപ്പെടുത്തി എന്നും വിവാഹജീവിതം നന്നായി മുന്നോട്ട് പോകാന്‍ സഹായകരമായി എന്നുമാണ് അവര്‍ പറയുന്നത്.
14 വര്‍ഷമായി സോഫിയും ഭര്‍ത്താവും ഒന്നിച്ച് ജീവിക്കുന്നു. അതില്‍ വിവാഹിതരായിട്ട് ഒമ്പത് വര്‍ഷമായി. ഇരുവരും ആദ്യമായി കണ്ടുമുട്ടുന്ന സമയത്ത് മദ്യം കഴിച്ചില്ലെങ്കില്‍ പോലും ഏത് സാഹചര്യത്തിലും താന്‍ ഉറങ്ങുമായിരുന്നു എന്ന് സോഫി പറയുന്നു. അതിനി, ഹോസ്റ്റലിലെ ഫയര്‍ അലാറത്തിന് കീഴിലാണെങ്കില്‍ പോലും. ഉറങ്ങുന്നതിന് മുമ്പ് വായിക്കുന്ന ശീലവും ഉണ്ടായിരുന്നു സോഫിക്ക്. എങ്ങനെ ആയാലും എട്ട് മണിക്കൂര്‍ ഉറങ്ങുന്നു എന്ന് അവര്‍ ഉറപ്പ് വരുത്തിയിരുന്നു.
എന്നാല്‍, അവരുടെ ഭര്‍ത്താവ് നേരെ തിരിച്ചായിരുന്നു. ഇടയ്ക്കിടയ്ക്ക് ഉണരും. കൂര്‍ക്കം വലിക്കും അങ്ങനെ പോകുന്നു അത്. അങ്ങനെ സോഫിയുടെ ഉറക്കവും ശരിയാവാതെ വന്നു. പിന്നാലെ, തങ്ങള്‍ രണ്ട് മുറിയിലായി ഉറങ്ങാന്‍ തുടങ്ങി എന്നാണ് അവര്‍ പറയുന്നത്. ഇത് ഉറക്കം മാത്രമല്ല തങ്ങളുടെ വിവാഹബന്ധവും മെച്ചപ്പെടുത്തി എന്നും സോഫി പറയുന്നു. തങ്ങള്‍ വൈകുന്നേരങ്ങള്‍ ഒരുമിച്ച് ചെലവഴിക്കുന്നു. രാവിലെ ഒരുമിച്ച് കാപ്പി കുടിക്കുന്നു. ഉറക്കം മാത്രമാണ് രണ്ട് മുറികളില്‍. അത് തങ്ങളുടെ ബന്ധത്തെ പൊസിറ്റീവായിട്ട് മാത്രമേ സ്വാധീനിച്ചിട്ടുള്ളൂ എന്നും അവര്‍ പറഞ്ഞു.