ന്യൂഡല്‍ഹി: ലണ്ടന്‍ ഗാറ്റ്‌വിക്കിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തുന്നു. ഇതിനു പകരം ഓഗസ്റ്റ് മുതല്‍ അഹമ്മദാബാദില്‍നിന്ന് ഹീത്രോയിലേക്കായിരിക്കും സര്‍വീസ്. ഒക്ടോബര്‍ വരെയെങ്കിലും ഇതു തുടരും.അഹമ്മദാബാദില്‍നിന്ന് ഗാറ്റ്‌വിക്കിലേക്കു പറന്ന വിമാനമാണ് മേയ് 12ന് അപകടത്തില്‍പ്പെട്ടത്. ഇതിനു പിന്നാലെ സര്‍വീസുകള്‍ വെട്ടിക്കുറച്ചിരുന്നു.
ഡല്‍ഹി, മുംബൈ പോലെയുള്ള മെട്രോ നഗരങ്ങളെ ഹീത്രോ വിമാനത്താവളമായിട്ടും മറ്റു നഗരങ്ങളെ ഗാറ്റ്‌വിക്കുമായിട്ടാണ് എയര്‍ ഇന്ത്യ ബന്ധിപ്പിച്ചിരുന്നത്. അമൃത്‌സര്‍, ഗോവ, കൊച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള ഗാറ്റ്‌വിക് സര്‍വീസുകള്‍ നേരത്തേ തന്നെ അവസാനിപ്പിച്ചിരുന്നു. ഡല്‍ഹി- ഹീത്രോ സര്‍വീസുകളുടെ എണ്ണം കൂട്ടും. യാത്രക്കാര്‍ കുറഞ്ഞതിനാല്‍ ഹീത്രോയിലും ഗാറ്റ്‌വിക്കിലും ജീവനക്കാരെ നിലനിര്‍ത്തേണ്ടതില്ലെന്ന തീരുമാനവും നീക്കത്തിനു പിന്നിലുണ്ടാകാം.