ലണ്ടന്‍: ഹാരി പോര്‍ട്ടര്‍ സിനിമകളിലൂടെ പ്രശസ്തയായ നടി എമ വാട്‌സണിനെ ആറു മാസത്തേക്ക് വാഹനമോടിക്കുന്നതില്‍ നിന്ന് കോടതി വിലക്കി. അമിത വേഗതയില്‍ വാഹനമോടിച്ചതിനെ തുടര്‍ന്നാണ് താരത്തെ വിലക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ 31നാണ് എമ വാട്‌സണ്‍ ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോഡിലൂടെ അമിത വേഗതയില്‍ ബ്ലൂ ഓഡി കാറില്‍ പാഞ്ഞത്. കേസിന്റെ ഹിയറിങ്ങിന് എമ കോടതിയില്‍ ഹാജരായില്ല. ഇക്കഴിഞ്ഞ ബുധനാഴ്ച ഹൈ വൈകോംബ് മജിസ്ട്രേറ്റ് കോടതിയിലായിരുന്നു വിചാരണ. എമയ്ക്ക് 6 മാസം ഡ്രൈവിങ് വിലക്കും 1,044 പൗണ്ട് (ഏകദേശം 1,400 ഡോളര്‍) പിഴ ചുമത്തുകയും ചെയ്തു. ഹാരി പോട്ടര്‍ സിനിമകളിലെ മറ്റൊരു നടി സോ വാനമേക്കറിന്റെ കേസും ബുധനാഴ്ച കോടതി പരിഗണിച്ചു.
അമിത വേഗതയില്‍ വാഹനമോടിച്ചതിനാണ് സോയുടെ പേരിലും കേസുള്ളത്. ഇരുവരെയും അമിത വേഗതയ്ക്ക് പിടിക്കപ്പെട്ടപ്പോള്‍ ഒന്‍പത് ബ്ലാക്ക് പോയിന്റുകള്‍ ഉണ്ടായിരുന്നു. ജില്ലാ ജഡ്ജി അരവിന്ദ് ശര്‍മ്മ ബുധനാഴ്ച ലൈസന്‍സുകളില്‍ മൂന്ന് പോയിന്റുകള്‍ കൂടി ചേര്‍ത്തു. ഇതോടെ 12 ബ്ലാക്ക് പോയിന്റുകളായതോടെയാണ് യുകെ നിയമപ്രകാരം വിലക്ക് അനിവാര്യമായത്.