കുറ്റ്യാടി: യുകെയില്‍ കൊച്ചുമക്കളെ പരിചരിക്കാന്‍ എത്തിയ വേളം ചെറുകുന്നിലെ ചന്ദ്രി (63) അന്തരിച്ചു. പരേതനായ കാഞ്ഞിരോറ ചോയിയുടെ ഭാര്യയായ ചന്ദ്രി, സതാംപ്ടണില്‍ താമസിക്കുന്ന മകന്‍ സുമിത്തിന്റെ കുഞ്ഞുങ്ങളെ നോക്കാനായി മൂന്ന് മാസം മുമ്പാണ് യുകെയിലേക്ക് പോയത്. നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ 15-നാണ് സതാംപ്ടണ്‍ ജനറല്‍ ആശുപത്രിയില്‍ മരണം സംഭവിച്ചത്.
മൃതശരീരം ഇപ്പോള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി സംസ്‌കാരം നടത്താനാണ് കുടുംബത്തിന്റെ ആഗ്രഹം. എന്നാല്‍, യാത്രക്കിടെ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാത്തതിനാല്‍ ആശുപത്രിയില്‍ 5000 പൗണ്ടിന്റെ ബില്‍ അടയ്‌ക്കേണ്ടതുണ്ട്. കൂടാതെ, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ചെലവും കുടുംബം തന്നെ വഹിക്കേണ്ടതായിരിക്കും.
സുമിത് ടെസ്‌കോ വെയര്‍ഹൗസിലും ഭാര്യ ജോയ്‌സ് കെയററായി ജോലി ചെയ്യുകയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ചന്ദ്രിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ചന്ദ്രിയുടെ മറ്റ് മക്കള്‍: സന്ദീപ് (ഒമാന്‍), സുശാന്ത്. മരുമക്കള്‍: ജോയിസ്, പ്രീജ. സഹോദരങ്ങള്‍: വാസു, ചന്ദ്രന്‍, ശശി.